News

എംജി മോട്ടര്‍ ഇന്ത്യ വില്‍പനയുടെ 9.5 ശതമാനം കേരളത്തില്‍; ജൂലൈയ്ക്ക് മുന്‍പ് പുതിയ എസ്യുവി വിപണിയിലെത്തും

കൊച്ചി: ദേശീയ യാത്രാവാഹന വില്‍പനയുടെ 6.5 ശതമാനമാണ് കേരളത്തിന്റെ പങ്കാളിത്തമെങ്കിലും എംജി മോട്ടര്‍ ഇന്ത്യയുടെ വില്‍പനയില്‍ സംസ്ഥാനത്തിന്റെ പങ്ക് 9.5 ശതമാനമാണെന്ന് കമ്പനി ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ ഗൗരവ് ഗുപ്ത. സാങ്കേതികവിദ്യകളോടും പുതുമകളോടും കേരളത്തിനുള്ള മമതയാണ് എംജി മോഡലുകളുടെ വലിയ സ്വീകാര്യതയ്ക്കു കാരണമെന്ന് അദ്ദേഹം 'മനോരമ'യോടു പറഞ്ഞു. 15 എംജി ടച്ച് പോയിന്റുകളാണു സംസ്ഥാനത്തുള്ളത്. ഈയിടെ അവതരിപ്പിച്ച പ്രീമിയം എസ്യുവി ഗ്ലോസ്റ്ററിനു ലഭിച്ച ബുക്കിങ്ങില്‍ 75 ശതമാനവും ഏറ്റവും ഉയര്‍ന്ന പതിപ്പിനാണ്. കേരളത്തിലും ഇതുതന്നെയാണു സ്ഥിതി. ഹെക്ടറിനും ഹെക്ടര്‍ പ്ലസിനും സെഡ് എസ് വൈദ്യുത എസ്യുവിക്കും സംസ്ഥാനത്തു മികച്ച വില്‍പനയാണുള്ളത്.

അടുത്ത ജൂലൈയ്ക്കുമുന്‍പ് മറ്റൊരു എസ്യുവി കൂടി വിപണിയിലെത്തിക്കും. ഇതടക്കം, ഇന്ത്യയില്‍ കമ്പനി നേരത്തേ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കും. കണക്റ്റഡ്, ഓട്ടോണമസ്, ഷെയേഡ്, ഇലക്ട്രിക് എന്നീ ആശയങ്ങളിലൂന്നിയുള്ള ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്ന ഓട്ടോ ടെക് കമ്പനിയായി എംജി പ്രവര്‍ത്തിക്കും. ഇന്ത്യയിലെ എല്ലാ എംജി വാഹനങ്ങളും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ ഉന്നത നിലവാരത്തിലുള്ളവയാണ്.

ഓട്ടോണമസ് രംഗത്ത് ഗ്ലോസ്റ്റര്‍ മികച്ച തുടക്കമിട്ടുകഴിഞ്ഞു. ഇപ്പോള്‍ ലെവല്‍1 ഓട്ടോണമസ് സംവിധാനമാണ് ഗ്ലോസ്റ്ററില്‍. ഇതു ഭാവിയില്‍ ലെവല്‍2 ആയി ഉയരും. ഷെയേഡ് ഗതാഗതത്തിന് പല കമ്പനികളുമായും ചേര്‍ന്ന് എംജി പല മാതൃകകള്‍ നടപ്പാക്കുന്നതായും ഗൗരവ് ഗുപ്ത പറഞ്ഞു. ഹെക്ടര്‍ നിര്‍മിക്കുന്ന ഹലോലിലെ പ്ലാന്റിലാണ് ഗ്ലോസ്റ്ററും വൈദ്യുത എസ്യുവി സെഡ്എസും അസംബിള്‍ ചെയ്യുന്നതും. വലിയ അളവില്‍ ഓട്ടമേഷന്‍ നടപ്പാക്കിയിട്ടുള്ള അത്യാധുനിക പ്ലാന്റാണിത്.

ഇലക്ട്രിക് വാഹന രംഗത്ത് എംജിയുടെ പ്രവര്‍ത്തനം വാഹനം വിപണിയിലിറക്കുന്നതില്‍ ഒതുങ്ങുന്നില്ല. രാജ്യവ്യാപക ചാര്‍ജിങ് അടിസ്ഥാനസൗകര്യമൊരുക്കാനും മുന്‍പന്തിയിലുണ്ട്. ടാറ്റ പവറുമായിച്ചേര്‍ന്ന് കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ അതിവേഗ ഡിസി ചാര്‍ജിങ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം കൂടുതല്‍ വിപുലമാക്കും. ഏതു കമ്പനിയുടെ വൈദ്യുത കാറും ചാര്‍ജ് ചെയ്യാവുന്ന സംവിധാനമാണിത്.

ഇന്ത്യയില്‍ ബാറ്ററി ഉല്‍പാദനമടക്കമുള്ള പ്രവര്‍ത്തനങ്ങളാണു കമ്പനി ലക്ഷ്യമിടുന്നതെന്നും ഗൗരവ് പറഞ്ഞു.
ഇന്ത്യയില്‍ മേല്‍പറഞ്ഞ വാഹന സാങ്കേതിക വിദ്യകളുടെ വികസനം ലക്ഷ്യമിട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം വരെ ഗ്രാന്റ് നല്‍കുന്ന ഡവലപ്പര്‍ പ്രോജക്ട് നടപ്പാക്കുന്നുണ്ട്. സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഐഐടിയുമായി സഹകരിക്കുന്ന ആദ്യ കമ്പനിയുമാണ് എംജി മോട്ടര്‍ ഇന്ത്യയെന്ന് ഗൗരവ് ഗുപ്ത പറഞ്ഞു. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പാക്കുന്ന സാമൂഹികക്ഷേമപദ്ധതിയും കമ്പനിയുടെ തുടക്കം മുതല്‍ രാജ്യത്തു നടത്തുന്നു.

Author

Related Articles