News

ഇന്ത്യയുടെ മൈക്രോഫിനാന്‍സ് വായ്പാ പോര്‍ട്ട്‌ഫോളിയോ 17 ശതമാനം വര്‍ധിച്ച് 2.11 ട്രില്യണ്‍ രൂപയില്‍ എത്തി

മുംബൈ: ഇന്ത്യയുടെ മൈക്രോഫിനാന്‍സ് മേഖലയുടെ മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോ വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധിച്ച് 2.11 ട്രില്യണ്‍ രൂപയില്‍ എത്തിയെന്ന് വ്യാവസായിക അസോസിയേഷന്‍ സാ-ധന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ ഈ മേഖല അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിട്ടെങ്കിലും പോര്‍ട്ട്‌ഫോളിയോ മികച്ച വളര്‍ച്ച കൈവരിക്കാനായത് ആശ്വാസകരമാണെന്ന് സാ-ധന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സതീഷ് പറഞ്ഞു.

ഇന്ത്യയിലുടനീളം 225 മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളാണ് സാ-ധനില്‍ അംഗങ്ങളായി ഉള്ളത്. 'മൈക്രോഫിനാന്‍സ് മേഖല, പ്രത്യേകിച്ചും ചെറുകിട മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കുകളില്‍ നിന്ന് ഫണ്ട് ആക്‌സസ് ചെയ്യുന്നതില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നു. പക്ഷേ വെല്ലുവിളികളോട് വലിയ പ്രതിരോധം മേഖല പ്രകടിപ്പിച്ചു, വീണ്ടെടുക്കല്‍ നിരക്ക് കഴിഞ്ഞ പാദങ്ങളില്‍ മെച്ചപ്പെട്ടു,'' സതീഷ് പറഞ്ഞു.   

മാര്‍ച്ചോടെ കളക്ഷന്‍ കാര്യക്ഷമത 95-98 ശതമാനത്തിലെത്തി. എന്നാല്‍ രണ്ടാമത്തെ കോവിഡ് -19 തരംഗത്തിന്റെ ആക്രമണം ഏപ്രില്‍ രണ്ടാം വാരം മുതല്‍ ഈ മേഖലയെ ബാധിച്ചതായും വ്യക്തമാണ്. റിസര്‍വ് ബാങ്കും സര്‍ക്കാരും സ്വീകരിച്ച വിവിധ നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും ജൂണില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് പാദത്തില്‍ വായ്പകളുടെ ശരാശരി വലുപ്പം ബാങ്കുകളില്‍ 43,434 രൂപയായിരുന്നു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് 41,306 രൂപയായിരുന്നു. സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 36,993 രൂപ, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍ബിഎഫ്‌സി)  എംഎഫ്‌ഐകള്‍ക്ക് 35,223 രൂപ എന്നിങ്ങനെയാണിത്. മുഴുവന്‍ ധനകാര്യ വ്യവസായത്തെയും പരിഗണിച്ചാല്‍ വായ്പകളുടെ ശരാശരി വലുപ്പം 39,637 രൂപയാണ്.   

മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച അഞ്ച് സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ബീഹാര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പത്തില്‍ ഒമ്പതും പശ്ചിമ ബംഗാളില്‍ നിന്നുള്ളവയാണ്. മൊറട്ടോറിയം അവസാനിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ പാദത്തില്‍ ധനകാര്യ വ്യവസായവും വായ്പാ പോര്ട്ട്‌ഫോളിയൊയും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും മാര്‍ച്ച് പാദത്തില്‍ നേരിയ പുരോഗതി പ്രകടമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വായ്പയായി വിതരണം ചെയ്തത് 2 ട്രില്യണ്‍ രൂപയാണെന്ന് അസോസിയേഷന്‍ അറിയിച്ചു. 2.54 ട്രില്യണ്‍ രൂപയാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്തിരുന്നത്.

Author

Related Articles