News

മൈക്രോസോഫ്റ്റിന്റെ സഹായപദ്ധതിയില്‍ ഇടം നേടി കേരളത്തിലെ 12 സ്റ്റാര്‍ട്ടപ്പുകള്‍

കൊച്ചി: കേരളത്തിലെ 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റിന്റെ സഹായപദ്ധതിയില്‍ പരിഗണന.കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും മൈക്രോസോഫ്റ്റും കൈകോര്‍ത്ത് സംഘടിപ്പിക്ുന്ന ഹൈവേ ടു ഹണ്‍ഡ്രഡ് യൂനികോണ്‍ പരിപാടിയിലൂടെയാണ് ഈ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്. കളമശേരിയിലാണ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോമ്പക്ലസില്‍ ഏകദിന പരിപാടി നടന്നത്. 200 ഓളം സ്റ്റാര്‍ട്ടപ്പുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നാണ് 12 പേരെ തെരഞ്ഞെടുത്തത്.

പന്ത്രണ്ട് സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന സംരംഭങ്ങള്‍ക്ക് ദേശീയതലത്തിലെ മത്സരങ്ങളിലും പങ്കെടുക്കാം. മികച്ച ആശയവും ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സാധിക്കും. ഇതിനായി വിദഗ്ധ ഉപദേശവും വാണിജ്യബന്ധങ്ങള്‍,നിക്ഷേപ സാധ്യതകള്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.രാജസ്ഥാന്‍,ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഇതിന് മുമ്പ് മൈക്രോസോഫ്റ്റ് ഹൈവേ ടു ഹണ്‍ഡ്രഡ് യൂനികോണ്‍ പരിപാടി നടത്തിയത്. സാധാരണഗതിയില്‍ പത്ത് സ്റ്റാര്‍ട്ടപ്പുകളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുകയെന്നും കേരളത്തിലെ സംരംഭങ്ങള്‍ വലിയ പ്രതീക്ഷയാണ് തരുന്നതെന്നും അതുകൊണ്ടാണ് എമെര്‍ജ് 10 എന്ന പേര് മാറ്റി എമെര്‍ജ് എക്‌സ് എന്നാക്കി ഇത്രയും സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തതെന്നും മൈക്രോസോഫ്റ്റ് ഇന്ത്യാ മേധാവി ലതിക എസ് പൈ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയിലേക്ക് പ്രവേശിക്കാനും സാന്നിധ്യം ഉറപ്പാക്കാനും സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടി പരിചയസമ്പന്നരായ വിദഗ്ധരെയാണ് മൈക്രോസോഫ്റ്റ് എത്തിച്ചിരിക്കുന്നതെന്ന്  ലതിക വ്യക്തമാക്കി. ഇന്ത്യയില്‍ 26 യൂനികോണ്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുണ്ട്. അഞ്ച് ഘട്ടങ്ങളിലായാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ വികസിക്കുന്നത്. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കല്‍,അടിസ്ഥാന സൗകര്യം ,ഇന്‍കുബേഷന്‍,നിക്ഷേപ സമാഹരണം,ദീര്‍ഘകാല വളര്‍ച്ചാ പദ്ധതികള്‍ എന്നിവയിലൂടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുപോകുന്നത്. മൈക്രോസോഫ്റ്റിന്റെ സഹകരണം ഓരോ മേഖലയിലും മുതല്‍ക്കൂട്ടാമെന്ന് കെഎസ് യു എം സിഇഓ ഡോ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. 

Author

Related Articles