News

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യം; ലിറ്ററിന് 5 രൂപ ഉയര്‍ന്നേക്കും

മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും. പാല്‍ വില ഉയര്‍ത്തണമെന്ന ആവശ്യവുമായി കമ്പനി സര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു. ലിറ്ററിന് അഞ്ചു രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്താണ് ആവശ്യവുമായി ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിക്കു നിവേദനം നല്‍കിയത്. 45 രൂപ മുതല്‍ 50 രൂപ വരെയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കാലിത്തീറ്റ വില കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ കാലിത്തീറ്റ സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ധനവിലക്കയറ്റം മൂലമുണ്ടായ ഗതാഗതച്ചെലവ് വര്‍ധനയും ഇതിനു കാരണമാകും. ലിറ്ററിന് അഞ്ചു രൂപ കൂട്ടിയില്ലെങ്കില്‍ പോലും വില വര്‍ധനയുണ്ടാകുമെന്നാണു സൂചന. എതിരാളികള്‍ വില വര്‍ധിപ്പിച്ചതും ഇതിനു കാരണമാണ്.

അമൂല്‍ അടുത്തിടെ പാല്‍ കവറിന് രണ്ടു രൂപ വര്‍ധിപ്പിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവറും, നെസ്ലെയും കഴിഞ്ഞ ദിവസം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. നെസ്ലെ എ മില്‍ക്ക് ഒരു ലിറ്റര്‍ കാര്‍ട്ടണിന്റെ വില നാലു ശതമാനമാണു വര്‍ധിപ്പിച്ചത്. പുതുക്കിയ വില 78 രൂപയാണ്. മുമ്പ് ഇത് 75 രൂപയായിരുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് വിപണിയില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷ്യ എണ്ണയുടെ വില കുതിപ്പു തുടങ്ങി കഴിഞ്ഞു. പെട്രോള്‍- ഡീസല്‍ വില ഏതു നിമിഷവും വര്‍ധിക്കാം. ഇതാണ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയ്ക്കും വഴിവച്ചത്.

ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.07 ശതമാനമാണ്. ജനുവരിയില്‍ ഇത് 6.01 ശതമാനമായിരുന്നു. വിലവര്‍ധന ഉപയോക്താക്കളിലേക്കു കൈമാറുകയല്ലാതെ മറ്റു മാര്‍ഗങ്ങളിലെന്നു കമ്പനികള്‍ വാദിക്കുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വില ഇനിയും വര്‍ധിപ്പിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

Author

Related Articles