News

കൊറോണയില്‍ തളര്‍ന്ന് മില്‍മയും; സംഭരണം പകുതിയായി കുറയ്ക്കുന്നു

തിരുവനന്തപുരം: കൊറോണ രോഗ വ്യാപനം സര്‍വ മേഖലകളെയും ബാധിച്ചിരിക്കുന്നു. പാല്‍ സംഭരണ, വിതരണ മേഖലയെയും ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലാക്കി. മില്‍മയുടെ വില്‍പ്പന ശരിക്കും കുറഞ്ഞിരിക്കുന്നു. ലോക്ക്ഡൗണ്‍ കൂടി ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞു. ഇത് മില്‍മയുടെ പാല്‍ വില്‍പ്പനയില്‍ വീണ്ടും ഇടിവുണ്ടാകാന്‍ കാരണമായി.

വൈകുന്നേരങ്ങളില്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് പാല്‍ ശേഖരിക്കുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. സംഭരണം പകുതിയായി കുറയ്ക്കാനാണ് ഇപ്പോഴത്തെ ആലോചന. വില്‍പ്പന കുറയുകയും സംഭരണം പഴയ പോലെ തുടരുകയും ചെയ്തപ്പോള്‍ പാല്‍ ഏറെ മിച്ചം വന്നു. ഇങ്ങനെ മിച്ചം വരുന്ന പാല്‍ പാല്‍പ്പൊടി നിര്‍മാണത്തിന് തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. പാല്‍ വില്‍പ്പനയേക്കാള്‍ നഷ്ടമുള്ള ഇടപാടാണ് പാല്‍പ്പൊടി നിര്‍മാണത്തിന് പാല്‍ കൈമാറുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിലേക്കുള്ള യാത്രയില്‍ തടസം നേരിട്ടു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സംഭരണം കുറയ്ച്ചിരിക്കുന്നത്.

ഇനി ലോക്ക് ഡൗണ്‍ അവസാനിക്കണം. നിലവിലെ സര്‍ക്കാര്‍ തീരുമാന പ്രകാരം മെയ് 23 വരെയാണ് ലോക്ക് ഡൗണ്‍. സാഹചര്യം വിലയിരുത്തിയ ശേഷമാകും ലോക്ക് ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ലോക്ക്ഡൗണ്‍ അവസാനിക്കുകയും കടകമ്പോളങ്ങള്‍ പഴയ പോലെ തുറന്ന് പ്രവര്‍ത്തിക്കുയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാത്രമാകും മില്‍മ പാല്‍ സംഭരണം ശക്തിപ്പെടുത്തുക എന്നാണ് സൂചന. മറ്റു പല മേഖലകളെയും പോലെ ക്ഷീര കര്‍ഷകരും ഏറെ പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്.

Author

Related Articles