News

ഓണക്കാലത്ത് മദ്യത്തിന് മാത്രമല്ല, പാലിനും റെക്കോര്‍ഡ് വില്‍പ്പന; തിരുവോണത്തിന് മാത്രം മില്‍മ വിറ്റത് 36 ലക്ഷം ലിറ്റര്‍ പാല്‍

ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍ വില്‍പ്പന. ഇത്തവണ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മില്‍മ. തിരുവോണത്തോട് അനുബന്ധിച്ച് 36 ലക്ഷം ലിറ്ററിന്റെ പാലാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷം 31 ലക്ഷം ലിറ്റര്‍ പാലായിരുന്നു വിറ്റത്. ഓണക്കാലത്ത് തൈരിന്റെ വില്‍പ്പനയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

3.60 ലക്ഷം കിലോഗ്രാം തൈരാണ് ഇത്തവണ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് ലക്ഷമായിരുന്നു. ഏറ്റവുമധികം പാല്‍ വില്‍പ്പന നടന്നത് മലബാര്‍ മേഖലയില്‍ ആയിരുന്നു. 13.95 ലക്ഷം ലിറ്റര്‍ പാലും, 1.95 ലക്ഷം കിലോ തൈരുമാണ് വില്‍പ്പന നടത്തിയത്. തൊട്ടു പിന്നാലെ എറണാകുളം ജില്ലയുണ്ട്. 12.8 ലക്ഷം ലിറ്റര്‍ പാലാണ് എറണാകുളത്ത് മാത്രം വിറ്റഴിച്ചത്. 95,000 കിലോഗ്രാം തൈരും.

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ പാല്‍ എത്തിച്ചാണ് അധിക ഡിമാന്‍ഡ് ഉണ്ടായപ്പോള്‍ മില്‍മ പാല്‍ വിതരണം ചെയ്തത്. നിലവില്‍ പ്രതിദിനം 15 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഉത്പാദിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് 10 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ എത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് 1.5 ലക്ഷം ലിറ്റര്‍ പാലായിരുന്നു സംഭരിച്ചത്.

8.6 ലക്ഷത്തിലധികം പ്രാദേശിക ക്ഷീരകര്‍ഷകര്‍ അംഗങ്ങളായിട്ടുളള 3059 പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സഘങ്ങളാണ് മില്‍മയ്ക്ക് കീഴില്‍ ഉളളത്. എന്നാല്‍ സംസ്ഥാനത്തെ പാല്‍ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനം ഇല്ലാത്തതിനാല്‍ ആഭ്യന്തര സംഭരണം കൂടുതല്‍ ശക്തിപ്പെടുത്തിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ എത്തിച്ചുമാണ് ഡിമാന്‍ഡ് ഉയരുമ്പോള്‍ മില്‍മ പാല്‍ വിതരണം നടത്തുന്നത്.

News Desk
Author

Related Articles