News

കോവിഡില്‍ വരുമാനമുയര്‍ത്തി മില്‍മ; 7 ശതമാനം വര്‍ദ്ധന

കൊച്ചി: കൊവിഡ് കാലത്ത് നല്ലൊരു ശതമാനം സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് വീണപ്പോള്‍ വരുമാനം ഉയര്‍ത്തിയ ഒരു സഹകരണ സ്ഥാപനമുണ്ട് സംസ്ഥാനത്ത്, മില്‍മ. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മില്‍മയുടെ വരുമാനത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ വരവ് കുറഞ്ഞതാണ് മില്‍മയെ തുണച്ചത്.

മധ്യകേരളത്തില്‍ മാത്രം 35,000 ലിറ്റര്‍ പാലിന്റെ പ്രതിദിന അധിക വില്‍പ്പനയാണ് കഴിഞ്ഞ ആറ് മാസമായി മില്‍മ നടത്തുന്നത്. കൊവിഡ് ലോക്ഡൗണിന്റെ തുടക്കത്തില്‍ ക്ഷീരകര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാത്തിന് ഏറെ പഴി കേട്ടിരുന്നു മില്‍മ. എന്നാല്‍ പതുക്കെ സ്ഥിതി മാറി. കൊവിഡ് നിയന്ത്രണങ്ങള്‍ നിമിത്തം തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ വരവ് കുറഞ്ഞതാണ് മെച്ചമായത്. ഇതോടെ വിപണിയില്‍ മില്‍മ പാലിന് ആവശ്യക്കാരേറി.

വരുമാനം കൂടിയതോടെ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതികളും അണിയറയിലുണ്ട്. ഇതില്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന തേലും പാലും പദ്ധതി ഈ മാസം തുടങ്ങും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തേനീച്ചകളെയും കൂടും നല്‍കും. ഇതില്‍ നിന്ന് ലഭിക്കുന്ന തേന്‍ സംഘത്തില്‍ നല്‍കി പണം വാങ്ങാം. ഈ തേന്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലറ്റുകളിലൂടെ മില്‍മ വില്‍ക്കും. ഉണക്ക ചാണക വില്‍പ്പനയിലൂടെ ക്ഷീരകര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതിയും സംഘം ആസൂത്രണം ചെയ്യുന്നുണ്ട്.

News Desk
Author

Related Articles