News

എല്‍ഐസിയില്‍ 20 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചേക്കും

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ 20 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചേക്കും. ഇതിനായി നിയമ ഭേദഗതിക്കൊരുങ്ങുകാണ് സര്‍ക്കാര്‍. ഐപിഒ വഴി പരമാവധി തുക സമാഹരിക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നില്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ ഇതോടെ വിദേശ നിക്ഷേപകര്‍ക്കാകും.

സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ നിക്ഷേപം നടത്താന്‍ കഴിയുന്ന തരത്തിലാകും എഫ്ഡിഐ നിയമം ഭേദഗതിചെയ്യുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കോവിഡ് വ്യാപനം സര്‍ക്കാരിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി ലക്ഷ്യം നിറവേറ്റുക ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ ഓഹരി വില്പനയെ ആശ്രയിക്കുന്നത്.

നിലവില്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 74 ശതമാനം വരെ വിദേശ നിക്ഷേപം അനുവദനീയമാണെങ്കിലും എല്‍ഐസിക്ക് ഇത് ബാധകമല്ല. പ്രത്യേക നിയമത്തിന്റെ ചട്ടക്കൂടിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഐപിഒക്കുമുമ്പായി എല്‍ഐസിക്ക് എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷംകോടി രൂപ വരെ മൂല്യം നിര്‍ണയിച്ചേക്കും. 10 ശതമാനം വരെ ഓഹരിവിറ്റ് ഒരു ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Author

Related Articles