News

കൊറോണ ആശങ്കയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ കാര്‍ വാങ്ങാന്‍ തയാറാകുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കെ, ഇന്ത്യക്കാര്‍ വ്യക്തിഗതമായി കാര്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നത് കാര്‍ വില്‍പ്പനയില്‍ വര്‍ദ്ധനവിന് കാരണമായേക്കുമെന്ന് ഒരു സര്‍വേ. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് കുറഞ്ഞത് 40 ശതമാനം ആളുകള്‍ പുതിയതോ ഉപയോഗിച്ചതോ ആയ കാര്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നും 31ശതമാനം പേര്‍ കൊറോണ വൈറസ് കാരണം അവരുടെ വാങ്ങല്‍ രീതി മാറില്ലെന്നും പറഞ്ഞു.

ആഗോള വാഹന നിര്‍മ്മാണ വിതരണ മേഖലയില്‍, കോവിഡ് 19 ന്റെ സ്വാധീനം, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, 29 ശതമാനം ആളുകള്‍ ജാഗ്രത പാലിക്കുന്നതായും പുതിയതോ ഉപയോഗിച്ചതോ ആയ കാര്‍ വാങ്ങാനുള്ള സാധ്യത കുറവാണെന്നും അത് ചൂണ്ടിക്കാട്ടുന്നു. സുരക്ഷയും പരിരക്ഷയുമാണ് ഭാവിയില്‍ ഒരു വാഹനം വാങ്ങാന്‍ ഉദേശിക്കുന്നവരെ ഇപ്പോള്‍ ഒരു വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍, ഉപയോക്താക്കള്‍ മുന്‍കരുതലുകളുടെ ഭാഗമായി സ്വയം അകലം പാലിക്കുകയും മൊബിലിറ്റിക്കായി വ്യക്തിഗത വാഹനങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കുകയും ചെയും. ഉപയോക്താക്കള്‍ സ്വന്തം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാന്‍ വ്യക്തിഗത വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതായി കരുതുന്നതായി ഇപ്സോസ് ഇന്ത്യയിലെ ഓട്ടോമോട്ടീവ് ആന്‍ഡ് മൊബിലിറ്റി ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാലാജി പാണ്ഡ്യരാജ് പറയുന്നു.

ലോക്ക്ഡൗണ്‍ കാരണം ഓട്ടോ ഭീമന്മാര്‍ കഴിഞ്ഞ മാസം വില്‍പ്പന പൂജ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം, ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍, വാഹന കമ്പനികള്‍ അവരുടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി സ്ഥലങ്ങളില്‍ ഡീലര്‍ഷിപ്പുകളും തുറന്നു.

Author

Related Articles