News

ആഗോളതത്തിലെ 40 ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക്; കൂടുതല്‍ തൊഴില്‍ സാധ്യതയും, ഡിജിറ്റല്‍ ഇടപാടുകളും വര്‍ധിക്കും

ന്യൂഡല്‍ഹി: ആഗോള തലത്തിലെ നാല്‍പ്പത് പ്രമുഖ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. സിംഗിള്‍ ബ്രാന്‍ഡ് റിട്ടെയ്‌ലിലെ എഫ്ഡിഐ നിക്ഷേപത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ആഗോളതലത്തിലെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുള്ളത്. ലോകത്തിലെ പ്രമുഖ കമ്പനികള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് അടുത്ത രണ്ട് വര്‍ഷത്തിനകം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗന്ദര്യ, സുഗന്ധ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഏതാനും യുകെ കമ്പനികള്‍ ഇന്ത്യയിലേക്കെത്തിയേക്കുമെന്നാണ് വിവരം.  യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അടിവസ്ത്ര ബ്രാന്‍ഡുകള്‍ തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന വിവിധ ബ്രാന്‍ഡുകള്‍. 

അസേമയം ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന ബ്രാന്‍ഡുകളെല്ലാം ഓണ്‍ലൈന്‍ വില്‍പ്പനയിലാകും കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ഓണ്‍ലൈന്‍ വിപണ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ബ്രാന്‍ഡുകള്‍ ഒഴുകിയെത്തുന്നത്. ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് രണ്ട് വര്‍ഷത്തേക്ക് കടകളിലൂടെയുള്ള വില്‍പ്പന ആരംഭിച്ചാല്‍ മതിയെന്ന എഫ്ഡിഐ നിയമ ഭേദഗതിയാണ് കൂടുതല്‍ കമ്പനികള്‍ ഇത്തരമൊരു അവസരത്തെ ഉപയോഗപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ വില്‍പ്പന ലക്ഷ്യമിട്ട് കമ്പനികള്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. 

ഇന്ത്യയിലേക്ക് കൂടുതല്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ എത്തുന്നതോടെ വിപണി രംഗത്ത് കൂടുതല്‍ മത്സരം രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍. ഉത്പ്പന്നങ്ങളുടെ വില കുറയാനും സാധ്യതയുണ്ട്. അതോടപ്പം ഇന്ത്യയില്‍ കൂടുതല്‍ തൊഴിലും അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഡിജിറ്റല്‍ ഇടപാടുകള്‍ അധികരിക്കുകയും, നോട്ടിടപാടുകള്‍ കുറയുകയും  ചെയ്യുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിപണന സാധ്യതകള്‍ ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് കൂടുതല്‍ കമ്പനികള്‍ ഒഴുകിയെത്തുന്നതോടെ തൊഴില്‍ പ്രതിസന്ധിക്ക് ശമനമുണ്ടാവുകയും ചെയ്യും.

Author

Related Articles