News

2020 ൽ ചരക്ക് വിലയിടിയുമെന്ന് ലോക ബാങ്ക്; റബര്‍, കുരുമുളക്, ഏലം കര്‍ഷകരുടെ പ്രതിസന്ധി രൂക്ഷമായേക്കും

റബര്‍, കുരുമുളക്, ഏലം എന്നിവയടങ്ങുന്ന കാര്‍ഷിക ചരക്കുകളുടെ വില വരും മാസങ്ങളില്‍ ഇടിയാന്‍ സാധ്യത. ആഗോളതലത്തില്‍ കയറ്റുമതി ഡിമാന്റ് കുറഞ്ഞതിനാല്‍ ഇപ്പോള്‍ തന്നെ ഇവയുടെ വിലകള്‍ താഴ്ന്നിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാരണം ഒരു മാസമായി മലഞ്ചരക്കുകള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് കര്‍ഷകരുടെയും വ്യാപാരികളുടെയും ജീവിതം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 2020 ല്‍ ഇവയുടെ വില ഇടിയുമെന്ന ലോകബാങ്കിന്റെ റിപ്പോര്‍ട്ട് കൃഷിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കേരളത്തിലെ കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ഇത് കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

ഏപ്രില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്‌സ് ഔട്ട്‌ലുക്ക് എന്ന റിപ്പോര്‍ട്ടിലാണ് കമ്മോഡിറ്റി വിലകള്‍ ഈ വര്‍ഷം ഇനിയും ഇടിയുമെന്ന റിപ്പോര്‍ട്ട് ലോകബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ്ണം ഒഴികെയുള്ള ലോഹങ്ങള്‍,  ക്രൂഡ് ഓയ്ല്‍ എന്നിവയുടെ വിലയിലാണ് ഏറ്റവും ഇടിവുണ്ടായിരിക്കുന്നത്. വിലയില്‍ അത്രത്തോളം കുറവുണ്ടായിട്ടില്ലെങ്കിലും കയറ്റുമതി നിയന്ത്രണങ്ങളും വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് അഗ്രി കമ്മോഡിറ്റികളെ ബാധിച്ചിരിക്കുന്നത്.

2020 ല്‍ ക്രൂഡ് ഓയ്‌ലിന്റെ ശരാശരി വില ബാരലിന് 35 ഡോളര്‍ ആകുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് കാര്‍ഷികോല്‍പ്പന്ന വിലകളെ ഇത്രത്തോളം ബാധിക്കില്ലെങ്കിലും വ്യാപാര നയങ്ങളും വിതരണ ശൃംഖലയിലെ തടസങ്ങളും സ്റ്റോക്ക് കുന്നുകൂടാനുള്ള സാഹചര്യവുമെല്ലാം ഭക്ഷ്യക്ഷാമത്തിനുള്ള സാധ്യത സൃഷ്ടിച്ചേക്കാം.

പകര്‍ച്ചവ്യാധി സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം കമ്മോഡിറ്റികളുടെ ഡിമാന്റിനെ ബാധിക്കുന്നതുകൊണ്ടും വിതരണത്തിലുണ്ടാകുന്ന തടസങ്ങളും ഇവയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന വികസ്വര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലോകബാങ്ക് സാമ്പത്തിക ശാസ്ത്രജ്ഞ സെയ്‌ല പസാര്‍ബസിയോഗ്ലു പറയുന്നു.

കര്‍ഷകര്‍ക്ക് തിരിച്ചടിയാകും

സാധാരണഗതിയില്‍ റംസാന്‍ മാസത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഡിമാന്റ് കൂടുന്നതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള വഴിയും അടഞ്ഞിരിക്കുകയാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കമ്മോഡിറ്റി റിസര്‍ച്ച് വിഭാഗം തലവന്‍ ഹരീഷ് വി പറയുന്നു. ആഗോളസാമ്പത്തികവ്യവസ്ഥ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കയറ്റുമതിയില്‍ ഡിമാന്റ് കുറയുമെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു.

ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചപ്പോള്‍ ചില മലഞ്ചരക്ക് കടകള്‍ തുറന്നെങ്കിലും കുരുമുളക്, ഏലം, ജാതിക്ക, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ കടകളില്‍ കെട്ടിക്കിടന്ന് പൂപ്പല്‍ പിടിച്ച് നശിക്കുന്ന അവസ്ഥയുണ്ടായി. വരുമാനമൊന്നും ഇല്ലാത്ത ഈ അവസ്ഥയില്‍ ഈ കനത്ത നഷ്ടം താങ്ങാനാകുന്ന അവസ്ഥയിലല്ല തങ്ങളെന്ന് വ്യാപാരികള്‍ പറയുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ടയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ റബറിന് ഡിമാന്റില്ലാത്ത അവസ്ഥയാണ്. ഡീലര്‍മാര്‍ വ്യാപാരികളില്‍ നിന്ന് റബര്‍ എടുക്കുന്നില്ല. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് റബര്‍ ഷീറ്റ് വില്‍ക്കാനും സാധിക്കുന്നില്ല. ലോക്ക്ഡൗണിന് മുമ്പ് കര്‍ഷകരില്‍ നിന്ന് വാങ്ങിയ റബര്‍ ഷീറ്റ് തന്നെ കടകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുമാണ്. ഓട്ടോമൊബൈല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യം റബറിന് വരും നാളുകളിലും തിരിച്ചടിയാകും.

Author

Related Articles