മത്സ്യകര്‍ഷകര്‍ക്ക് പിന്തുണ; സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ആദ്യ കോള്‍സെന്റര്‍ വിജയവാഡയില്‍ ആരംഭിച്ചു
കൊച്ചി: മത്സ്യകര്‍ഷകര്‍ക്കായുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ)യുടെ രാജ്യത്തെ ആദ്യ കോള്‍സെന്റര്‍ വിജയവാഡയില്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ മുഖാന്തിരം മത്സ്യകൃഷിയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍, അടിസ്ഥാനപരമായ വിജ്ഞാനം, നവീന കൃഷി രീതികള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് ലഭിക്കും.
ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും വിളവെടുപ്പ് കൂട്ടാനുമായി മികച്ച കൃഷി രീതികള്‍ അവലംബിക്കാന്‍ കോള്‍സെന്റര്‍ കര്‍ഷകരെ സഹായിക്കുമെന്ന് എംപിഇഡിഎ ചെയര്മാന് ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോള്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1800-425-4648 എന്ന നമ്പരില്‍ കോള്‍സെന്ററിലേക്കുള്ള വിളി സൗജന്യമാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ശബ്ദനിയന്ത്രണ സംവിധാനത്തിലാണ് ഈ നമ്പര്‍ പ്രവര്‍ത്തിക്കുന്നത്. വ്യാജന്മാരില് നിന്നും ഉപദേശം തേടാതെ സാങ്കേതിക വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ മനസിലാക്കാനുള്ള അവസരം കോള്‍ സെന്റര്‍ വഴി ലഭിക്കുമെന്ന് ചെയര്മാന് ചൂണ്ടിക്കാട്ടി. എംപിഇഡിഎയുടെ പ്രാദേശിക ഓഫീസുകള്‍ വഴി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും കോള്‍സെന്ററിലൂടെ വിവരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമികമായി ആന്ധ്രാപ്രദേശിലെ മത്സ്യകര്‍ഷകര്‍ക്ക് വേണ്ടിയാണ് കോള്‍സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ 60 ശതമാനവും ഈ സംസ്ഥാനത്തു നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള വിവരങ്ങളും കോള്‍സെന്ററില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ കൊല്ലം രാജ്യത്തുത്പാദിപ്പിച്ച 7,47,111 ടണ്‍ ചെമ്മീനില്‍ 68 ശതമാനവും ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു. 75,000 ഹെക്ടര്‍ സ്ഥലത്തായി 52,000 ചെമ്മീന്‍ കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്.
ഈ സാഹചര്യം വിലയിരുത്തിയാല്‍ ആന്ധ്രാപ്രദേശില്‍ കോള്‍സെന്ററിന്റെ ആവശ്യകത ഏറെയാണെന്ന് ചെയര്മാന് വ്യക്തമാക്കി. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി ഊര്‍ജ്ജിതപ്പെടുത്തുന്നതിന് കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ എംപിഇഡിഎ പ്രതിജ്ഞാബദ്ധമാണെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിളവെടുപ്പ് സമയത്ത് ചെറുകിട മത്സ്യകര്‍ഷകര്‍ക്ക് ശരിയായ വിദഗ്ധോപദേശം പലപ്പോഴും ലഭിക്കാറില്ലെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ എംപിഇഡിഎ ഡയറക്ടര്‍ ഡോ. കാര്ത്തികേയന് പറഞ്ഞു. ഈ സാഹചര്യത്തില്‍ പരിചയസമ്പന്നരല്ലാത്ത വ്യക്തികളെയോ, മീന്‍തീറ്റ വിതരണക്കാരെയോ ആണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. ഇതിലൂടെ വിളവെടുപ്പ് മോശമാവുകയും ഗുണമേന്മ കുറയുകയും ചെയ്യും. മത്സ്യകൃഷിയിലെ ദൈനംദിന സംശയങ്ങള്‍, സാങ്കേതിക ഉപദേശങ്ങള്‍ തുടങ്ങിയവ കോള്‍സെന്ററിലൂടെ ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോള്‍സെന്റര്‍ തുടങ്ങിയ എംപിഇഡിഎയുടെ നടപടിയെ ആന്ധ്രാപ്രദേശ് ഫിഷറീസ് കമ്മീഷണര്‍ ശ്രീ കൃഷ്ണ ബാബു അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹകരണവും സെന്ററിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യകൃഷി മികച്ച രീതിയില്‍ കൊണ്ടു പോകാനും പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആഹ്വാനം പ്രാവര്‍ത്തികമാക്കാനും കര്‍ഷകര്‍ക്ക് കോള്‍സെന്ററിന്റെ സഹായത്തിലൂടെ സാധിക്കുമെന്ന് എംപിഇഡിഎ അംഗം ഡോ. യു. ജോഗി ആനന്ദ വര്‍മ്മ പറഞ്ഞു.
പ്രോണ്‍ ഫാര്‍മേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ശ്രീ ബാല സുബ്രഹ്മണ്യന് വി, നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയനബിള്‍ അക്വാകള്‍ച്ചര്‍ അംഗങ്ങള്‍, ഈ മേഖലയിലെ മറ്റ് പങ്കാളികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വിജയവാഡയിലെ എംപിഇഡിഎ റീജ്യണല്‍ ഡിവിഷന് ഡെപ്യൂട്ടി സെക്രട്ടറി ശ്രീ കെ ശിവരാജന് നന്ദി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍