News

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്: ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം; നികുതിദായകര്‍ക്ക് നേട്ടം; നേരിട്ട് പണം നല്‍കാതെയുള്ള പ്രഖ്യാപനങ്ങളുമായി സാമ്പത്തിക പാക്കേജ്; ഇരുപത് ലക്ഷം കോടിയുടെ പാക്കേജിനെ വിലയിരുത്തുമ്പോള്‍...

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ഉലയുന്ന രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഇരുപത് ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഭാരത് പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രധാനമായും സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ മേഖലയ്ക്ക് (എംഎസ്എംഇ) ഊന്നല്‍ നല്‍കിയുളള പാക്കേജാണ് ധനമന്ത്രി അവതരിപ്പിച്ചത്.

സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം ധനമന്ത്രാലയം പരിഷ്‌കരിച്ചു. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവും ഉളള സ്ഥാപനങ്ങള്‍ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും ഉള്‍പ്പെടും. 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തില്‍ പെടും. പ്രധാനമായും ഏഴ് മേഖലകളിലായി 15 സമഗ്ര നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇപിഎഫ്, ചെറുകിട വ്യവസായ മേഖല, റിയല്‍ എസ്റ്റേറ്റ്, നികുതി പരിഷ്‌കാരങ്ങള്‍, കരാറുകള്‍ എന്നിവയില്‍ ഊന്നിയായിരുന്നു പ്രഖ്യാപനങ്ങള്‍.

ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കാനും ആഗോള തലത്തില്‍ വിപണം നടത്താനും ഇന്ത്യ ശ്രമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതികള്‍, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്വാല യോജന, സ്വച്ഛ് ഭാരത്, ആയുഷ്മാന്‍ ഭാരത് എന്നിവയെല്ലാം ഇന്ത്യയിലെ പ്രധാന പരിഷ്‌കാരങ്ങളായിരുന്നുവെന്നും ഇത് ദരിദ്ര വിഭാഗത്തിന് വലിയ തോതില്‍ പ്രയോജനം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു. അധികാരത്തില്‍ വന്നതിനു ശേഷം വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിവിധ മേഖലകള്‍ക്കായാണ് നിലവില്‍ ഉത്തേജക പാക്കേജ് വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ തലത്തിലുമുളള വ്യക്തികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് പാക്കേജ് തയ്യാറാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ത്ഥമായി മലയാളത്തില്‍ 'സ്വയം ആശ്രിതം' എന്ന് വാക്കാണ് ധനമന്ത്രി പ്രയോഗിച്ചത്. ഇന്ത്യ എന്നത് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സമ്പദ്‌വ്യവസ്ഥയാകും എന്നതല്ല ഇതിന്റെ അര്‍ത്ഥമെന്നും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. ആത്മനിര്‍ഭര്‍ മുന്‍നിര്‍ത്തിയുളള പ്രവര്‍ത്തനം മേക്ക് ഇന്‍ ഇന്ത്യയ്ക്ക് സഹായകകമാണെന്നും സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ളവയ്ക്ക് ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ചെറുകിട-ഇടത്തരം സംരഭകര്‍ ഇതിനോടകം എടുത്ത വായ്പകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായും ധനമന്ത്രി അറിയിച്ചു. നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടിയതും, ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചതും നികുതിദായകര്‍ക്ക് നേട്ടമായി. ടിഡിഎസ് കുറയ്ക്കല്‍ 50,000 കോടി രൂപയുടെ പണലഭ്യത വര്‍ധിപ്പിക്കും. ജൂലൈ 31 നും ഒക്ടോബര്‍ 31 നും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണ്‍ നവംബര്‍ 30 നകം സമര്‍പ്പിച്ചാല്‍ മതി. ഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചത് 25 ശതമാനമാണ്. 2021 മാര്‍ച്ച് 31 വരെ ഈ വെട്ടിക്കുറയ്ക്കലിന് കാലവധി ഉണ്ടാകും.

ഇപിഎഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി തുടരും. 72.22 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇപിഎഫ് ഇളവ് ലഭിക്കും. ഗാര്‍ഹിക ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയിലൂടെ 45,000 കോടി രൂപയുടെ പണലഭ്യത എന്‍ബിഎഫ്സികളിലേക്ക് നിക്ഷേപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്‍ബിഎഫ്സി, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, എംഎഫ്ഐകള്‍ എന്നിവയ്ക്കായി നിര്‍മല സീതാരാമന്‍ 30,000 കോടി രൂപയുടെ ദ്രവ്യത സൗകര്യം പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികള്‍ക്കായി  ഈടില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. നാല് വര്‍ഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികള്‍ക്ക് വായ്പ നല്‍കുക. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്കായി അപേക്ഷിക്കാം. വര്‍ഷം നൂറ് കോടി രൂപ വരെ വിറ്റു വരവുള്ള ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് വായ്പയ്ക്ക് അര്‍ഹതയുണ്ടാവും. പദ്ധതി രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യാപാരികള്‍ക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

പാക്കേജ് വിലയിരുത്തുമ്പോള്‍....

കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ആഗോള നിക്ഷേപകര്‍ക്കുള്ള ആശങ്ക തിരിച്ചറിഞ്ഞ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ വിപുലീകരിക്കാനും ഇതിലൂടെ പരമാവധി വിദേശനിക്ഷേപം രാജ്യത്ത് എത്തിക്കാനുമാണ് ഇരുപത് ലക്ഷം കോടിയുടെ വിപുലമായ സാമ്പത്തിക പാക്കേജിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്.

കോവിഡിനുശേഷം കേന്ദ്രം ആദ്യം പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജില്‍ ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തുന്ന പദ്ധതികളുണ്ടായിരുന്നെങ്കില്‍, ബുധനാഴ്ച ധനമന്ത്രി അവതരിപ്പിച്ചതില്‍ അതില്ല. കര്‍ഷകര്‍, മുതിര്‍ന്ന പൗരര്‍, വിധവകള്‍, ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് പണം നല്‍കുന്നതായിരുന്നു ആദ്യ പാക്കേജ്. കൂടാതെ സൗജന്യറേഷന്‍, സൗജന്യ പാചകവാതകം തുടങ്ങി സര്‍ക്കാരിന് നേരിട്ട് പണച്ചെലവുള്ള വിവിധ പദ്ധതികളുമുണ്ടായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ ആദ്യപടിയായി ധനമന്ത്രി ബുധനാഴ്ച അവതരിപ്പിച്ചതില്‍ സര്‍ക്കാരിന് നേരിട്ട് സാമ്പത്തികബാധ്യത വരുന്നവ കുറവാണ്.

ചെറുകിട ബിസിനസുകാര്‍ക്ക് വിവിധ വായ്പകള്‍ ഉറപ്പാക്കുന്ന പക്കേജാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പലിശരഹിതമോ പലിശകുറവുള്ളതോ ആയ വായ്പകളല്ല നല്‍കുന്നത്. മറിച്ച് ഇത്തരം സംരംഭങ്ങള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റി നല്‍കുകയാണ്.

വൈദ്യുതി വിതരണ കമ്പനികള്‍ക്കും കുടിശ്ശിക തിരിച്ചടവിനായി പണലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. 100 കോടി രൂപ വിറ്റുവരവുള്ളതും വായ്പതിരിച്ചടവ് ബാക്കി 25 കോടി രൂപയില്‍ താഴെയുള്ളതുമായ സ്ഥാപനങ്ങള്‍ക്കാണ് ഈടില്ലാതെ വായ്പനല്‍കുന്നത്. ആദ്യവര്‍ഷം തിരിച്ചടവ് ആവശ്യമില്ലാത്തത് പ്രിന്‍സിപ്പല്‍ തുകയ്ക്ക് മാത്രമാണ്, പലിശയ്ക്കല്ല. ചെറുകിട സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) നിര്‍വചനത്തില്‍ മാറ്റംവരുത്തുകയാണ് മറ്റൊന്ന്. അതുവഴി ചെറിയ സംരംഭങ്ങള്‍ വളര്‍ന്നുവലുതായാലും അവര്‍ക്ക് മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവില്ല.

സര്‍ക്കാരിന് നേരിട്ട് പണച്ചെലവില്ലാതെ ചെറുകിടസംരംഭകര്‍ക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രഖ്യാപനം ആഗോള ടെന്‍ഡറിന്റേതാണ്. 200 കോടി രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍ ഇടപാടുകളില്‍ ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതുവഴി ആഭ്യന്തര ചെറുകിട സ്ഥാപനങ്ങള്‍ക്ക് മത്സരക്ഷമത കൂടും. അവയ്ക്ക് ടെന്‍ഡര്‍ ലഭിക്കാനുള്ള സാധ്യതയും വര്‍ധിച്ചു. കരാറുകാര്‍ക്ക് ജോലിതീര്‍ക്കാന്‍ ആറുമാസംകൂടി സമയം, നികുതിറിട്ടേണ്‍ അടയ്ക്കാന്‍ കൂടുതല്‍ സമയം തുടങ്ങിയവയും സര്‍ക്കാരിനുനേരിട്ട് ബാധ്യത സൃഷ്ടിക്കുന്നതല്ല.

പി.എഫ്. വിഹിതം ശമ്പളത്തിന്റെ 12 ശതമാനത്തില്‍നിന്ന് 10 ശതമാനമാക്കിയതാവട്ടെ സര്‍ക്കാരിന് പലിശബാധ്യത കുറയ്ക്കുകയാണ് ചെയ്യുക. മുമ്പ് ശമ്പളത്തിന്റെ 12 ശതമാനം വിഹിതത്തിന് സര്‍ക്കാര്‍ പലിശ നല്‍കിയിരുന്നത് അടുത്ത മൂന്നുമാസത്തേക്ക് കുറഞ്ഞ തുകയ്ക്ക് നല്‍കിയാല്‍ മതി.

Author

Related Articles