News

ദീപാവലി മുഹൂര്‍ത്ത വ്യാപാരം ശനിയാഴ്ച; എന്താണ് മുഹൂര്‍ത്ത വ്യാപാരം?

ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) എന്നിവ ശനിയാഴ്ച (നവംബര്‍ 14) ഒരു മണിക്കൂര്‍ പ്രത്യേക ദീപാവലി മുഹൂര്‍ത്ത വ്യാപാരം നടത്തും. ഈ ദിവസം പരമ്പരാഗത ഹിന്ദു അക്കൗണ്ടിംഗ് വര്‍ഷമായ വിക്രം സംവത് ആരംഭിക്കുന്നതായാണ് കണക്കാക്കുന്നത്. മുഹൂര്‍ത്ത വ്യാപാര സമയമായ ഒരു മണിക്കൂറിനുള്ളില്‍ നടത്തുന്ന വ്യാപാരം സമൃദ്ധിയും സമ്പത്തും ഭാഗ്യവും നല്‍കുന്നുവെന്നാണ് നിക്ഷേപകരുടെ വിശ്വാസം.

വൈകുന്നേരം 6:15 മുതല്‍ ബിഎസ്ഇയും എന്‍എസ്ഇയും ഒരു മണിക്കൂര്‍ വ്യാപാരം അനുവദിക്കും. ഈ പ്രധാന സെഷനും പ്രീ-ഓപ്പണ്‍ സെഷനായി വൈകുന്നേരം 5:45 മുതല്‍ 6:00 വരെ ബ്ലോക്ക് ഡീല്‍ സെഷനും ആരംഭിക്കും. നിക്ഷേപകര്‍ വൈകുന്നേരം 5:15 മുതല്‍ 5:45 വരെ ലോഗിന്‍ ചെയ്യുന്നതാകും നല്ലത്.

മുഹൂര്‍ത്ത വ്യാപാര സെഷന്‍ ഒരു പുതിയ സംവത് അല്ലെങ്കില്‍ ഹിന്ദു കലണ്ടര്‍ വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്നു. ആല്‍ഗോ ട്രേഡിംഗ്, ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ് മുതലായ എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ആറ് പതിറ്റാണ്ടിലേറെയായി മുഹൂര്‍ത്ത വ്യാപാരം നടത്തുന്നു.

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ മുഹൂര്‍ത്ത വ്യാപാര സമയത്ത് വ്യാപാരം ചെയ്യുന്നത് ശുഭമായി നിക്ഷേപകര്‍ കരുതുന്നു. ലക്ഷ്മി പൂജയുടെ അന്ന് രാത്രിയില്‍, ലക്ഷ്മി ദേവിയെ സ്വീകരിക്കുന്നതിനായാണ് ആളുകള്‍ രാത്രി മുഴുവനും ദീപം തെളിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇ അരനൂറ്റാണ്ടിലേറെയായി മുഹൂര്‍ത്ത വ്യാപാരം നടത്തുന്നുണ്ട്. 1957 മുതല്‍ ബിഎസ്ഇ മുഹൂര്‍ത്ത വ്യാപാരം നടത്തുന്നുണ്ടെങ്കിലും 1992 മുതലാണ് എന്‍എസ്ഇയില്‍ മുഹൂര്‍ത്ത വ്യാപാരം ആരംഭിക്കുന്നത്. ഇലക്ട്രോണിക് വ്യാപാരം ഇല്ലാതിരുന്ന മുന്‍ കാലങ്ങളില്‍ നിക്ഷേപകര്‍ ബിഎസ്ഇയില്‍ നേരിട്ടെത്തിയാണ് വ്യാപാരം നടത്തിയിരുന്നത്. നവംബര്‍ 16 ന് ദീപാവലി ബലിപ്രതിപാഡ ദിനത്തില്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചിടും.

Author

Related Articles