News

വരുമാനത്തില്‍ വന്‍ വര്‍ധന; 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടംനേടി മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലകളില്‍ ഉണ്ടായ കുതിപ്പ് മുകേഷ് അംബാനിയുടെ വരുമാനത്തില്‍ ഉണ്ടാക്കിയത് വന്‍ വര്‍ധന. ഇതോടെ ആസ്തിയുടെ കാര്യത്തില്‍ നൂറു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിടുകയാണ് മുകേഷ് അംബാനി. വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച് മുകേഷ് അംബാനിക്കും കുടുംബത്തിനും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഉള്ള 49.14 ശതമാനം ഓഹരിയുടെ മൂല്യം 107 ശതകോടി ഡോളറായി. ലഭ്യമായ വിവരമനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യമാകട്ടെ 218 ശതകോടി ഡോളറാണ്.

കഴിഞ്ഞ ആഴ്ച മാത്രം മുകേഷ് അംബാനി തന്റെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 54000 കോടി രൂപയിലേറെയാണ്. ഇതോടെ ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷമുള്ള വിപണിയുടെ മുന്നേറ്റത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളൊന്നാണ് റിലയന്‍സ്. 2020 മാര്‍ച്ച് മുതലിങ്ങോട്ട് കമ്പനിയുടെ വിപണി മൂല്യത്തില്‍ ഉണ്ടായത് 125 ശതമാനം വളര്‍ച്ചയാണ്. അടുത്തിടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ അംബാനി കുടുംബം ഓഹരി വിഹിതം വര്‍ധിപ്പിച്ചത്. 2017 ജൂണ്‍ അവസാനിച്ച പാദത്തില്‍ 45.3 ശതമാനമായിരുന്നു ഓഹരി വിഹിതമെങ്കില്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോള്‍ അത് 49.14 ശതമാനമായി ഉയര്‍ന്നു.

Author

Related Articles