News

അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നഷ്ടമായി മുകേഷ് അംബാനി

കൊവിഡ് കാലത്തും പണം വാരിക്കൂട്ടിയ അതിസമ്പന്നരില്‍ ഒരാളാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനി. ഈ വര്‍ഷം എണ്ണക്കച്ചവടം തൊട്ട് ടെലികോം ബിസിനസില്‍ വരെ റിലയന്‍സ് മേധാവിയായ മുകേഷ് അംബാനി വിജയവഴി വെട്ടിപ്പിടിച്ചു. നേരത്തെ, ബ്ലൂംബര്‍ഗ് പുറത്തുവിട്ട ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് അംബാനി ഇടംകണ്ടെത്തിയത്. എന്നാല്‍ പുതുവര്‍ഷത്തിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ, ബ്ലൂംബര്‍ഗ് തയ്യാറാക്കിയ പുതിയ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആദ്യ പത്തിലില്ല.

റിപ്പോര്‍ട്ടു പ്രകാരം 76.5 ബില്യണ്‍ ഡോളറാണ് (5.63 ലക്ഷം കോടി രൂപ) അംബാനിയുടെ ഇപ്പോഴത്തെ ആസ്തി. മുന്‍പിത് 90 ബില്യണ്‍ ഡോളറായിരുന്നു (6.62 ലക്ഷം കോടി രൂപ). ഇക്കാരണത്താല്‍ പട്ടികയില്‍ 11 ആം സ്ഥാനത്തേക്ക് അംബാനി കാലിടറി. ഓറക്കിള്‍ കോര്‍പ്പറേഷന്റെ സഹസ്ഥാപകന്‍ ലാറി എലിസണ്‍, ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ എന്നിവര്‍ക്ക് പിന്നിലാണ് മുകേഷ് അബാനി തുടരുന്നത്. യഥാക്രമം 10, 9 സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ലാറി എല്ലിസണും സെര്‍ജി ബ്രിന്നും 79.2 ബില്യണ്‍ ഡോളര്‍ ആസ്തി അവകാശപ്പെടുന്നുണ്ട്.

അടുത്തകാലത്ത് റിലയന്‍സ് ഓഹരികളില്‍ സംഭവിച്ച വീഴ്ച്ചയാണ് മുകേഷ് അംബാനിക്ക് വിനയായത്. ഓഹരിയൊന്നിന് 2.369.35 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നിന്നും 16 ശതമാനം നഷ്ടത്തിലേക്ക് റിലയന്‍സ് ഓഹരികള്‍ കൂപ്പുകുത്തി. വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ 1,992.95 രൂപയാണ് റിലയന്‍സ് ഓഹരിക്ക് വില. കഴിഞ്ഞ രണ്ടുമാസത്തിനിടെ വ്യാപകമായ ലാഭമെടുപ്പ് റിലയന്‍സ് അഭിമുഖീകരിക്കുന്നുണ്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള കമ്പനിയുടെ നീക്കം ആമസോണ്‍ തടഞ്ഞ പശ്ചാത്തലത്തിലാണ് നിക്ഷേപകര്‍ റിലയന്‍സ് ഓഹരികള്‍ വില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. 2019 -ല്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂച്ചര്‍ കൂപ്പോണ്‍സില്‍ ആമസോണ്‍ നടത്തിയിരുന്നു. അന്നത്തെ ധാരണപ്രകാരം റിലയന്‍സ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത കമ്പനികള്‍ക്ക് റീടെയില്‍ ബിസിനസ് വില്‍ക്കാന്‍ കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന് അനുവാദമില്ല.

നിലവില്‍ റിലയന്‍സ് ഓഹരികള്‍ ഇടിവ് നേരിടുന്നുണ്ടെങ്കില്‍ ഈ വര്‍ഷത്തെ മൊത്തം ചിത്രം നോക്കിയാല്‍ 33 ശതമാനം നേട്ടം കമ്പനിയുടെ ഓഹരികള്‍ കൊയ്തത് കാണാം. നിക്ഷേപകര്‍ക്ക് 3 ലക്ഷം കോടി രൂപയില്‍പ്പരം സമ്പാദ്യം റിലയന്‍സ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ 25 വര്‍ഷംകൊണ്ട് കമ്പനി കുറിച്ച സമ്പാദ്യത്തിന്റെ പകുതി വരുമിത്. മോട്ടിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ടു പ്രകാരം 1995-2020 കാലഘട്ടത്തില്‍ 6.3 ലക്ഷം കോടി രൂപയാണ് റിലയന്‍സ് സമ്പാദ്യം കുറിച്ചത്. കഴിഞ്ഞ 25 വര്‍ഷംകൊണ്ട് 3.78 ലക്ഷം കോടി രൂപ അറ്റാദായം നേടാനും കമ്പനിക്ക് സാധിച്ചു.

Author

Related Articles