News

വാറന്‍ ബഫറ്റിനെ പിന്നിലാക്കി മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് കുതിച്ചതോടെ മുകേഷ് അംബാനി ലോക കോടീശ്വരനായ വാറന്‍ ബഫറ്റിനെ പിന്നിലാക്കി. ഇതോടെ കോടീശ്വരന്മാരില്‍ ലോകത്തെതന്നെ എട്ടാം സ്ഥാനം അംബാനിക്കുസ്വന്തമായി. ബഫറ്റ് ഒമ്പതാം സ്ഥാനക്കാരനുമായി. ബ്ലൂംബര്‍ഗിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയിലാണ് ഈ സ്ഥാനമാറ്റം.

മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 68.3 ബില്യണ്‍ ഡോളറാണ്. വാറന്‍ ബഫറ്റിന്റേതാകട്ടെ 67.9 ബില്യണ്‍ ഡോളറും. സ്വത്ത് വര്‍ധിച്ചതോടെ കോടീശ്വരന്മാരുടെ ആദ്യ പത്തില്‍പ്പെടുന്ന ഒരൊറ്റ ഏഷ്യക്കാരനായി 63 കാരനായ അംബാനി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 290 കോടി ഡോളര്‍ നല്‍കിയതാണ് വാറന്‍ ബഫറ്റ് പിന്നിലാകാന്‍ കാരണം. 

മാര്‍ച്ചിലെ റിലയന്‍സിന്റെ ഓഹരിവില ജൂലായിലെത്തിയപ്പോല്‍ ഇരട്ടിയിലേറെയായി ഉയര്‍ന്നത് അംബാനിക്ക് ഗുണമായി. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്നായി 1.15 ലക്ഷം കോടിയിലേറെ രൂപ നിക്ഷേപമായെത്തിയതാണ് ഓഹരി വിലകുതിക്കാനിടയാക്കിയത്. ഇതിനുപുറമെ ബ്രിട്ടീഷ് പെട്രോളിയുമായി ചേര്‍ന്ന് ഇന്ധനവിതരണം സജീവമാക്കാനുള്ള തീരുമാനവും കഴിഞ്ഞദിവസങ്ങളില്‍ ഓഹരിവില കുതിക്കാനിടയാക്കി. 100 കോടി ഡോളറാണ് ഇതിനായി റിലയന്‍സില്‍ ബി.പി നിക്ഷേപം നടത്തുന്നത്.

Author

Related Articles