News

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും ചുവടുറപ്പിക്കാന്‍ വിപുല പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഹൈഡ്രജന്‍, കാറ്റ്, സൗരോര്‍ജ്ജം, ഇന്ധന സെല്ലുകള്‍, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട് 2035 നുള്ളില്‍ ലക്ഷ്യം കൈവരിക്കാനുദ്ദേശിച്ചുള്ള പദ്ധതിക്കായി ഏതാനും ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നത്.

ഒക്ടോബറില്‍ രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്ന്് കമ്പനി അധികൃതര്‍ അറിയിച്ചു.ഇന്ത്യയുടെ ഇന്ധന മിശ്രിതത്തില്‍ താപ വൈദ്യുതിക്കാണ് നിലവില്‍ മുന്‍തൂക്കം- 64 ശതമാനം.പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ (22 ശതമാനം), ജലവൈദ്യുതി (13 ശതമാനം), ന്യൂക്ലിയര്‍ (1 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സ്രോതസ്സുകളുടെ കണക്ക്.2025 ഓടെ 178 ജിഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി നിര്‍മിക്കുന്നതിന് 891,300 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് സര്‍ക്കാര്‍ കണക്കാക്കിയിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പാരിസ് കരാര്‍ പ്രകാരമുള്ള ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന മാനദണ്ഡങ്ങള്‍ നടപ്പാക്കുമ്പോള്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കുള്ള പ്രാധാന്യം ഏറുന്ന സാഹചര്യത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതിനായുള്ള നീക്കം നടത്തുന്നത്. ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ രാജ്യം നിര്‍വചിച്ചു വരികയാണ്.ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത വൈദ്യുതിയുടെ വിഹിതം 40 ശതമാനമായി ഉയര്‍ത്താമെന്നും പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

2005 ലെ നിലവാരത്തില്‍ നിന്ന് 2030 ഓടെ മലിനീകരണ തീവ്രത 33-35 ശതമാനം കുറയ്ക്കാനും  ഇന്ത്യ ലക്ഷ്യമിടുന്നു.2025 ഓടെ ഉപഭോഗത്തിലെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വിഹിതം 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 2019 ഡിസംബറില്‍ 86 ജിഗാവാട്ടായിരുന്നു, 2022 ഡിസംബറോടെ 175 ജിഗാവാട്ട് സ്ഥാപിത ശേഷിയും 2030 ഓടെ 450 ജിഗാവാട്ടും കൈവരിക്കാനുള്ള ലക്ഷ്യത്തില്‍ മികച്ച പങ്കു വഹിക്കാനാണ് റിലയന്‍സ് പദ്ധതി തയ്യാറാക്കുന്നത്.

Author

Related Articles