News

ബില്‍ഗേറ്റ്സും മുകേഷ് അംബാനിയും ഒരുമിക്കുന്നു; ബില്‍ഗേറ്റ്സിന്റെ കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍ നിക്ഷേപം നടത്തും

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായ ബില്‍ഗേറ്റ്സും എട്ടാമനായ മുകേഷ് അംബാനിയും കൈ കോര്‍ക്കുന്നു. ബില്‍ഗേറ്റ്സിന്റെ ഉടമസ്ഥതയിലുളള ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്സില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍ നിക്ഷേപം നടത്തും. 50 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏകദേശം 373 കോടി രൂപയാണ് ബില്‍ഗേറ്റ്സിന്റെ സ്ഥാപനത്തില്‍ അംബാനി നിക്ഷേപിക്കാനൊരുങ്ങുന്നത്.

അടുത്ത 8 മുതല്‍ 10 വരെയുളള വര്‍ഷക്കാലത്തിന് ഇടയിലായാണ് ഇത്രയും തുക ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്സില്‍ മുകേഷ് അംബാനി നിക്ഷേപം നടത്തുക. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബില്‍ഗേറ്റ്സിന്റെ ബ്രക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്സ്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളിലും പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും നിക്ഷേപം നടത്തി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ബ്രക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്സ് ചെയ്യുന്നത്. ഒരു കൂട്ടം സ്വകാര്യ സംരംഭകര്‍ക്കൊപ്പം 2015ലാണ് ബില്‍ ഗേറ്റ്സ് ബ്രക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്സിന് രൂപം കൊടുക്കുന്നത്.

നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്ന പണം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പുതിയ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായകരമാകുന്ന ക്ലീന്‍ എനര്‍ജി കമ്പനികളില്‍ നിക്ഷേപിക്കുന്നു. ഇത്തരം നീക്കങ്ങളുടെ ഫലം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് എന്നും മനുഷ്യര്‍ക്കാകെ ഉപകാരമുളളതാണെന്നും റിലയന്‍സ് വ്യക്തമാക്കുന്നു. മാത്രമല്ല നിക്ഷേപകര്‍ക്കും ഇതിലൂടെ മികച്ച നേട്ടമുണ്ടാക്കാമെന്നും റിലയന്‍സ് ചൂണ്ടിക്കാട്ടുന്നു. ബില്‍ ഗേറ്റ്സിനൊപ്പം മൈക്കിള്‍ ബ്ലൂംബെര്‍ഗ്, ജെഫ് ബെസോസ്, ജാക്ക് മാ അടക്കമുളള ആഗോള ബിസിനസ്സ് ഭീമന്‍മാരും ്രേബക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്സ് സംരഭത്തില്‍ പങ്കാളികളാണ്.

Author

Related Articles