News

മുത്തൂറ്റ് ഫിനാന്‍സ് എംഎസ്സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍; നവംബര്‍ 30 മുതല്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസ്ത ധനകാര്യ സേവന ബ്രാന്‍ഡും, ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പയായ എന്‍ബിഎഫ്‌സിയുമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനെ നവംബര്‍ 30 മുതല്‍ എംഎസ്സിഐ (മോര്‍ഗന്‍ സ്റ്റാന്‍ലി കാപിറ്റല്‍ ഇന്‍ഡെക്സ്) ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍ ഉള്‍പ്പെടുത്തും. സൂചികകള്‍ സംബന്ധിച്ച എംഎസ്സിഐയുടെ അര്‍ധവാര്‍ഷിക അവലോകനത്തിലാണ് മുത്തൂറ്റ് ഫിനാന്‍സിനെ സൂചികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ 85 ശതമാനം ഓഹരികളെ ഉള്‍ക്കൊള്ളുന്നതാണ് എംഎസ്സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചിക. സമഗ്രമായ വിലയിരുത്തലിനുശേഷമാണ് ഒരു കമ്പനിയുടെ ഓഹരികളെ ഈ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്.

എംഎസ്സിഐ ഇന്ത്യ ആഭ്യന്തര സൂചികയില്‍ മുത്തൂറ്റ് ഫിനാന്‍സിനെ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനവും സന്തോഷമുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം, ജീവനക്കാരുടെ കഠിനാധ്വാനം, നിക്ഷേപകരുടെയും ബാങ്കര്‍മാരുടെയും ഉറച്ച വിശ്വാസം എന്നിവയിലൂടെ കമ്പനി വര്‍ഷങ്ങളായി കൈവരിച്ച വളര്‍ച്ചയുടെയും പ്രകടനത്തിന്റെയും അംഗീകാരമാണിത്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനിടയില്‍ തങ്ങളുടെ എല്ലാ പങ്കാളികളുടെയും വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് തങ്ങള്‍ നിരന്തരം പരിശ്രമിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

സെപ്തംബര്‍ പാദത്തിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ കണക്കുകള്‍ പുറത്തുവന്നതും അടുത്തിടെയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റദായം 25 ശതമാനം വര്‍ധിച്ച് 1735 കോടി രൂപയിലാണ് എത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് 1388 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 29 ശതമാനം വര്‍ധനവോടെ 52,286 കോടി രൂപയിലുമെത്തി. സംയോജിത ലാഭമാകട്ടെ 21 ശതമാനം വര്‍ധിച്ച് 1788 കോടി രൂപ രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തിലെ സംയോജിത ലാഭം എട്ടു ശതമാനം വര്‍ധനവോടെ 930 കോടി രൂപയാണ് കുറിച്ചത്.

സ്വര്‍ണ പണയത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ വര്‍ധനവായ 14 ശതമാനത്തോടെ 5739 കോടി രൂപയെന്ന നില മുത്തൂറ്റ് ഫിനാന്‍സ് കൈവരിച്ചു. വായ്പാ ആസ്തികളുടെ കാര്യത്തില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 47,016 കോടി രൂപയിലും കമ്പനിക്ക് എത്താനായി. 4.40 ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കള്‍ക്കായി 3653 കോടി രൂപയും നിര്‍ജ്ജീവമായിരുന്ന 4.67 ലക്ഷം ഉപഭോക്താക്കള്‍ക്കായി 3460 കോടി രൂപയും വായ്പയായി നല്‍കിയെന്ന് മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചിട്ടുണ്ട്.

Author

Related Articles