News

7 വര്‍ഷത്തിനിടെ ആദ്യമായി മ്യൂച്ച്വല്‍ ഫണ്ടുകള്‍ ഓഹരികളുടെ അറ്റ വില്പനക്കാരായി

2020-21 സാമ്പത്തികവര്‍ഷത്തില്‍ മ്യൂച്ച്വല്‍ ഫണ്ടുകള്‍ വിറ്റഴിച്ച ഓഹരികളുടെ മൂല്യത്തില്‍ റെക്കോഡ് വര്‍ധന. 1.27 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഈകാലയളവില്‍ ഫണ്ടുകമ്പനികള്‍ വിറ്റത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് എഎംസികള്‍ അറ്റ വില്പനക്കാരാവുന്നത്. കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷവും ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലായിരുന്നു ഫണ്ടുകള്‍ മുന്നില്‍.

2018 സാമ്പത്തിക വര്‍ഷത്തില്‍ 1.41 ലക്ഷം കോടി രൂപയാണ് ഫണ്ടുകള്‍ ഓഹരിയില്‍ നിക്ഷേപിച്ചത്. 2019ല്‍ ഇത് 88,152 കോടി രൂപയും 2020ല്‍ 91,814 കോടി രൂപയുമായിരുന്നു അറ്റനിക്ഷേപം. ഇതിനുമുമ്പ് 2014ലിലാണ് 21,159 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് അറ്റവില്പനക്കാരായത്. അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2.6 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷം രാജ്യത്തെ ഓഹരിയില്‍ നിക്ഷേപിച്ചത്.  

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ (2015-20) മ്യൂച്വല്‍ ഫണ്ടുകള്‍ 4.85 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേതിനേക്കാള്‍ 2.6 ഇരട്ടിയോളം വരുമിത്. കഴിഞ്ഞ മെയ്മാസത്തിനു ശേഷം വിപണി ഉയരാന്‍ തുടങ്ങിയപ്പോള്‍ ഫണ്ടുകള്‍ വിറ്റ് നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും പോര്‍ട്ട്ഫോളിയോ ക്രമപ്പെടുത്തിയതുമാണ് ഓഹരികള്‍ വിറ്റഴിക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

News Desk
Author

Related Articles