News

സാമ്പത്തിക മാന്ദ്യത്തിലും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങൾക്ക് വളർച്ച; വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഉൾവലിയുമ്പോഴും പ്രതീക്ഷയോടെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍

മുംബൈ: രാജ്യംകണ്ട ഏറ്റവും വലിയ തകര്‍ച്ചയിലേയ്ക്ക് ഓഹരി വിപണി കൂപ്പുകുത്തുമ്പോഴും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ കുറവില്ല. ഈ വര്‍ഷം ഫെബ്രുവരി 24നും മാര്‍ച്ച് 23നുമിടയില്‍ 65,371 കോടി (8.73 ബില്യണ്‍ ഡോളര്‍) രൂപയുടെ ഓഹരി പിന്‍വലിച്ച് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ സ്ഥലം വിട്ടപ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ കാര്യയമായി തന്നെ ഓഹരികള്‍ വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞ ഓഹരിമൂല്യത്തിന്റെ പകുതിയോളം തുകയ്ക്ക് ഫണ്ട് ഹൗസുകള്‍ ഓഹരികള്‍ വാങ്ങിയിരുന്നു. അതായത് ഈ കാലയളവില്‍ 32,448 കോടി (4.33 ബില്യണ്‍ ഡോളര്‍)യാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിയില്‍ നിക്ഷേപിച്ചത്.

വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ എസ്‌ഐപി നിക്ഷേപം തുടരുന്നതിനാലാണ് ഇത്രയും തുക ഫണ്ട് ഹൗസുകള്‍ക്ക് നിക്ഷേപിക്കാന്‍ കഴിഞ്ഞത്. കുറഞ്ഞവിലയില്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ കഴിയുന്നതിനാല്‍ ഭാവിയില്‍ മികച്ച നേട്ടം നല്‍കാന്‍ ഫണ്ടുകള്‍ക്ക് കഴിയും. എന്നാല്‍, വിപണിയില്‍ തിരുത്തല്‍ തുടര്‍ന്നാല്‍, നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ന്നാല്‍, എസ്‌ഐപി നിക്ഷേപത്തില്‍ കാര്യമായ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. നിക്ഷേപകര്‍ ഫണ്ടുകള്‍ വിറ്റഴിച്ച് പണം പിന്‍വലിക്കാത്തത് എഎംസികള്‍ക്ക് ആശ്വാസമാണ്.

രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടാനിടയായാല്‍ അത് എസ്‌ഐപി നിക്ഷേപത്തെ ബാധിക്കും. ഫണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കാനും നിക്ഷേപകര്‍ നിര്‍ബന്ധിതമായേക്കാം. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഫണ്ടുകളില്‍ നിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോര്‍ട്ട്‌ഫോളിയോകള്‍ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ എസ്‌ഐപികളില്‍ പോലും പലതും നേട്ടത്തിലല്ലെന്നതും നിക്ഷേപകനെ ആശങ്കപ്പെടുത്തുന്നുണ്ട്. വിപണി ഇടിയുന്ന ഈ സമയത്തെ നിക്ഷേപമാണ് ഭാവിയില്‍ നിക്ഷേപകന് മികച്ച നേട്ടം സമ്മാനിക്കുകയെന്ന് സാമ്പത്തികാസൂത്രകര്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്‌ഐപി നിക്ഷേപം തുടരുന്നത് എന്തുകൊണ്ടും ഉചിതമാണ്.

Author

Related Articles