News

മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കുന്നു; പിഴയിനത്തില്‍ ഖജനാവിലെത്തിയത് കോടികള്‍

കൊച്ചി: ഖജനാവിനെ സമ്പുഷ്ടമാക്കി ഗതാഗത നിയമലംഘനം കൂടുന്നു. മോട്ടര്‍ വാഹന വകുപ്പിന്റെ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മാത്രം ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു 900 മുതല്‍ 1,300 വരെ കേസ്. ഇത്രയും കേസുകളില്‍ പിഴയായി ലഭിക്കുക 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ്. മോട്ടര്‍ വാഹന വകുപ്പിന്റെ ഇതര യൂണിറ്റുകളും പൊലീസും എടുക്കുന്ന കേസുകള്‍ ഇതിനു പുറമേയാണ്.

ഗതാഗത പരിശോധന ശക്തമായതോടെ ചിലയിടങ്ങളിലെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപവുമായി വാഹന ഉടമകളും രംഗത്തുണ്ട്. കോവിഡ് മൂലം നിര്‍ത്തി വച്ചിരുന്ന പരിശോധനയാണു ശക്തമാക്കിയത്. ഓണം കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ പരിശോധന ഘട്ടം ഘട്ടമായാണു വ്യാപകമാക്കിയത്. കോവിഡ് മൂലം പരിശോധന നിലച്ചതോടെ ഒട്ടേറെ അനധികൃത വാഹനങ്ങള്‍ നിരത്തിലിറങ്ങിയെന്നാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.

രൂപമാറ്റം വരുത്തിയും നികുതിയും ഇന്‍ഷുറന്‍സും ഇല്ലാതെയും വാഹനങ്ങള്‍ ഓടുന്നുണ്ട്. ഇതോടെയാണു കേസുകളുടെ എണ്ണവും പിഴ ഇനത്തിലുള്ള വരവും കൂടിയത്. രൂപമാറ്റം വരുത്തിയതും നിയമ വിരുദ്ധ പാര്‍ട്‌സുകള്‍ പിടിപ്പിച്ചതുമായ ഒട്ടേറെ വാഹനങ്ങള്‍ പിടികൂടിയവയില്‍ ഉള്‍പ്പെടും. ഇരുചക്ര വാഹനങ്ങളാണു കൂടുതലും. അപകട സാധ്യതയുള്ളതിനാല്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് എടുക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ അനുവദനീയമല്ലാത്ത അലോയ് വീല്‍ പിടിപ്പിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഹാന്‍ഡിലുകളുടെ രൂപമാറ്റവും അപകട സാധ്യത ഉണ്ടാക്കുന്നതാണെന്നു മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Author

Related Articles