News

കഴിഞ്ഞ മാസം 6,388 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടി എന്‍സിസി

മേയ് മാസത്തില്‍ 6,388 കോടി രൂപയുടെ മൂന്ന് ഓര്‍ഡറുകള്‍ ലഭിച്ചതായി എന്‍സിസി. ഇതോടെ എന്‍സിസി ഓഹരികളുടെ വില 3 ശതമാനം ഉയര്‍ന്നു. അതില്‍ ഏറ്റവും വലിയ ഓര്‍ഡര്‍ 5,688 കോടി രൂപയുടേതാണ്. എംഎസ്ഡിപിയുടെ രണ്ടാം ഘട്ടത്തിനു കീഴിലുള്ള മലാഡ് മലിനജല ശുദ്ധീകരണ സൗകര്യത്തിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, നടത്തിപ്പ്, പരിപാലനം എന്നിവയ്ക്കായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ചതാണ് ഈ ഓര്‍ഡര്‍.

ആറു വര്‍ഷത്തിനുള്ളില്‍ രൂപകല്‍പന ചെയ്യുന്നതിനും, കെട്ടിടനിര്‍മ്മാണത്തിനുമായി 3,833 കോടി രൂപയും, പ്രവൃത്തി പൂര്‍ത്തിയാക്കുന്ന തീയതി മുതല്‍ 15 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 1,855 കോടി രൂപയും എന്നിങ്ങനെയാണ് ഓര്‍ഡര്‍. ബാക്കിയുള്ള രണ്ട് ഓര്‍ഡറുകളും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നാണെന്ന് കമ്പനി പറഞ്ഞു.

2021 ഡിസംബറില്‍ 1,898 കോടി രൂപയുടെ (ജിഎസ്ടി ഒഴികെ) അഞ്ച് ഓര്‍ഡറുകള്‍ എന്‍സിസിക്ക് ലഭിച്ചു. 988 കോടി രൂപയുടെ മൂന്ന് ഓര്‍ഡറുകള്‍ ബില്‍ഡിംഗ് ഡിവിഷനു കീഴിലും ബാക്കിയുള്ള രണ്ട് ഓര്‍ഡറുകള്‍ 910 കോടി രൂപയുടെ വാട്ടര്‍ ഡിവിഷനുമായി ബന്ധപ്പെട്ടതാണെന്നും എന്‍സിസി അറിയിച്ചു. എന്‍സിസി ലിമിറ്റഡ് 1978-ല്‍ പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. എവിഎസ് രാജു ഒരു പങ്കാളിത്ത സ്ഥാപനമായി ആരംഭിച്ചതാണ്. 1990-ല്‍ ഇത് ഒരു ലിമിറ്റഡ് കമ്പനിയായി മാറി, 1992-ല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.

Author

Related Articles