News

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ ജി20 രാജ്യങ്ങളുടെ സഹകരണം ആവശ്യമെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ജി20 രാജ്യങ്ങളുടെ സഹകരണം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ ഈ സന്ദര്‍ഭത്തില്‍ എല്ലാവര്‍ക്കും ആവശ്യമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കോവിഡ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ ജി20 രാജ്യങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണം. ജനങ്ങള്‍ക്ക് ഏറ്റവും താങ്ങാവുന്ന ചെലവായിരിക്കണം വാക്സിന്‍ കാര്യത്തില്‍ വേണ്ടത്. അത് എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സമ്പദ് വ്യവസ്ഥയില്‍ സാധിക്കണം. എന്നാല്‍ മാത്രമേ കോവിഡിനെ മറികടക്കാന്‍ സാധിക്കൂ എന്നും ധനമന്ത്രി വ്യക്തമാക്കി.

ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി നിര്‍മലാ സീതാരാമന്‍ കൂടിക്കാഴ്ച്ചയും നടത്തി. ഇതിലാണ് എത്രത്തോളം പ്രാധാന്യം ജി20 രാജ്യങ്ങള്‍ക്കുണ്ടെന്ന് സീതാരാമന്‍ വ്യക്തമാക്കിയത്. ആഗോള സമ്പദ് ഘടനയുടെ മുന്നോട്ട് പോക്കും പ്രതിസന്ധികളുമാണ് ഇവര്‍ ചര്‍ച്ച ചെയ്തത്. കൂട്ടായ നീക്കങ്ങള്‍ എങ്ങനെ നടത്തുമെന്നാണ് ഇവര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ദീര്‍ഘ കാലത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറാമെന്ന കാര്യത്തില്‍ സഹകരണം ഉണ്ടാവുമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കോവിഡ് പ്രതിസന്ധി സമയത്ത് ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ കുറിച്ചും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ജിഡിപിയുടെ 15 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചതെന്നും നിര്‍മല പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു. ജി20യിലെ ആക്ഷന്‍ പ്ലാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അത്യാവശ്യമാണെന്ന് നിര്‍മല വ്യക്തമാക്കി. നേരത്തെ ഏപ്രിലില്‍ ജി20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ചേര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. ആഗോള തലത്തില്‍ കോവിഡിനെ പ്രതിരോധിക്കാനായിരുന്നു ഇത്. സാമ്പത്തിക നീക്കങ്ങള്‍, ആരോഗ്യ മേഖലയിലെ പ്രതിരോധ നീക്കങ്ങളും ഇതില്‍ ഉള്‍പ്പെടും.

Author

Related Articles