News

പരോക്ഷ നികുതി വരുമാനത്തില്‍ 12 ശതമാനം വര്‍ധന; വരവ് 10.71 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പരോക്ഷ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ച വരുമാനത്തില്‍ 12 ശതമാനത്തിന്റെ വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10.71 ലക്ഷം കോടി രൂപയാണ് ഈയിനത്തിലെ വരവ്. 9.54 ലക്ഷം കോടി രൂപയായിരുന്നു മുന്‍വര്‍ഷം പരോക്ഷ നികുതിയനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തില്‍ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി.

പരോക്ഷ നികുതിയിലെ മൊത്തം വരുമാനത്തില്‍ കാര്യമായ കുറവുണ്ടായെങ്കിലും അതേ വിഭാഗത്തില്‍ തന്നെയുള്ള ഇറക്കുമതി തീരുവയില്‍ 21 ശതമാനമാണ് വര്‍ധനവുണ്ടായത്. മുന്‍വര്‍ഷം ഈയനിത്തില്‍ ലഭിച്ച 1.09 ലക്ഷം കോടിയില്‍ നിന്ന് 1.32 ലക്ഷം കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. എക്സൈസ് തീരുവ, സേവന നികുതി എന്നീയിനങ്ങളില്‍ കുടിശ്ശിക ഉള്‍പ്പടെ 3.91 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 2.45 ലക്ഷം കോടി രൂപയായിരുന്നു. 59 ശതമാനത്തിലേറെയാണ് വര്‍ധന.

2020-21 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി വരുമാനത്തില്‍ എട്ടുശതമാനമാണ് കുറവുണ്ടായത്. മുന്‍വര്‍ഷത്തെ 5.99 ലക്ഷം കോടി രൂപയില്‍ നിന്ന് 5.48 ലക്ഷം കോടിയായാണ് വരുമാനം കുറഞ്ഞത്. രാജ്യത്തെമ്പാടും അടച്ചിടല്‍ പ്രഖ്യാപിച്ചതിനാലാണ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ആറുമാസം ജിഎസ്ടിയിനത്തില്‍ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായത്. അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ റെക്കോഡ് വരുമാനമായ 1.24 ലക്ഷം കോടി രൂപ സമാഹരിക്കാനും കഴിഞ്ഞിരുന്നു. വില്പന നികുതി, വിനോദ നികുതി, എക്സൈസ് തീരുവ തുടങ്ങിയവയാണ് പരോക്ഷ നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

Author

Related Articles