News

ചരക്ക് നീക്കത്തില്‍ റെക്കോഡിട്ട് റെയില്‍വേ; വരുമാനം 11,605 കോടി രൂപ

ന്യൂഡല്‍ഹി: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ചരക്ക് നീക്കവുമായി ബന്ധപ്പെട്ട വരുമാനത്തിലും ലോഡിംഗിലും മികച്ച നേട്ടവുമായി റെയില്‍വേ. മെയ് മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ചരക്ക് നീക്കമാണ് നടത്തിയതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 14.8 മെട്രിക് ടണ്‍ ആണ് ഈ മാസത്തെ റെയില്‍വേയുടെ മൊത്തം ചരക്ക് കടത്ത്. 2019 മെയ് മാസത്തേക്കാള്‍ 9.7% കൂടുതലാണ് ഇത് (104.6 MT). ഇതോടെ ഈ മാസം 11,604.94 കോടി രൂപ വരുമാനമാണ് റെയില്‍വേ നേടിയത്.
 
ഈ വര്‍ഷം ഇതുവരെയും മികച്ച നേട്ടം സ്വന്തമാക്കാനായതായി റെയില്‍വേ നേരത്തേ വ്യക്തമാക്കിയിരുന്നു. ചരക്ക് ഗതാഗതത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപക്ഷിച്ച് പത്ത് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ മൊത്തം ചരക്ക് കടത്ത് 203.88 ദശലക്ഷം മെട്രിക് ടണ്‍ ആണ്.കഴിഞ്ഞ വര്‍ഷം ഇത് 184.88 മെട്രിക് ടണ്‍ ആയിരുന്നു.

ചരക്ക് നീക്കത്തെ വളരെ ആകര്‍ഷകമാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയില്‍ നിരവധി ഇളവുകളും പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ 18 മാസത്തിനിടയില്‍ ചരക്ക് വേഗത ഇരട്ടിയായി. ഇത് എല്ലാ ഗുണഭോക്താക്കളുടേയും ചെലവ് ലാഭിക്കാന്‍ സഹായിച്ചു. എല്ലാ മേഖലകളിലും കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്താനുള്ള അവസരമായി ഇന്ത്യന്‍ റെയില്‍വേ കോവിഡ്-19നെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Author

Related Articles