News

പുതിയ വേതന വ്യവസ്ഥ: ഏപ്രില്‍ മുതല്‍ കമ്പനികള്‍ക്ക് ചെലവ് കൂടും; വിശദാംശം അറിയാം

അടുത്ത ഏപ്രില്‍ മുതല്‍ കമ്പനികളുടെ പേ സ്ലിപ് മുതല്‍ ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന വേതനത്തില്‍ വരെ വ്യത്യാസം വരും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതുക്കിയ വേതന നിയമം നടപ്പില്‍ വരുന്നതോടെയാണിത്. അടിസ്ഥാന ശമ്പളത്തിന്റെയും അലവന്‍സുകളുടെയും കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നതോടെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ലീവ് എന്‍കാഷ്മെന്റ് ഇനത്തില്‍ കമ്പനികളുടെ ചെലവ് കൂടും. ഇത് ഏപ്രില്‍ മുതല്‍ കമ്പനികളുടെ ബാലന്‍സ് ഷീറ്റിലും മാറ്റം വരുത്തും.

ഇപ്പോള്‍ ഇന്ത്യയിലെ പൊതു, സ്വകാര്യ, അര്‍ദ്ധ സര്‍ക്കാര്‍ കമ്പനികളിലെല്ലാം അടിസ്ഥാന ശമ്പളം മൊത്തം വേതനത്തിന്റെ 30-40 ശതമാനമൊക്കെയാണ്. ഏപ്രില്‍ മുതല്‍ ഇത് നിര്‍ബന്ധമായും മൊത്തം ശമ്പളത്തിന്റെ 50 ശതമാനമോ അതിന് മുകളിലോ ആയിരിക്കണം. അതായത്, പ്രതിമാസം ഒരു ലക്ഷം രൂപ വേതനമുള്ള ജീവനക്കാരന്റെ അലവന്‍സുകള്‍ ഒഴികെയുള്ള അടിസ്ഥാന ശമ്പളം 50,000 രൂപയോ അതിന് മുകളിലോ വരണം.

പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ഇതുമൂലം സംഭവിക്കും. കമ്പനികളുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം, ഗ്രാറ്റുവിറ്റി, ലീവ് എന്‍കാഷ്മെന്റ് എന്നിവ വര്‍ധിക്കും. നേരത്തെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 30 -40 ശതമാനമായിരുന്നുവെങ്കില്‍ അതിന് അനുസൃത്യമായ വിധത്തില്‍ പിഎഫ് വിഹിതവും ഗ്രാറ്റുവിറ്റിയും ലീവ് എന്‍കാഷ്മെന്റും കമ്പനികള്‍ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇതിപ്പോള്‍ 50 ശതമാനമോ അതിനുമുകളിലോ വരുമ്പോള്‍ ഈ മൂന്നിനത്തില്‍ കമ്പനികളുടെ ചെലവ് കൂടും. പ്രധാനമായുള്ള മാറ്റം ഇതാണ് എന്ന് സുഡ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരും (എച്ച് ആര്‍ & ഐ ആര്‍) എന്‍ഐപിഎം കേരള ഘടകം വൈസ് ചെയര്‍മാനുമായ സജി വി മാത്യു പറയുന്നു.

പുതിയ ചട്ടം കൊണ്ടുവരുന്ന മാറ്റങ്ങള്‍ ഏപ്രിലോടെ യാഥാര്‍ത്ഥ്യമാകും.

  •  കമ്പനികളുടെ വേതന ഘടന തന്നെ മാറും. കാരണം പല കമ്പനികളിലും അലവന്‍സുകള്‍ ഒഴികെയുള്ള അടിസ്ഥാന ശമ്പളം മൊത്തം വേതനത്തിന്റെ 50 ശതമാനമല്ല ഇപ്പോള്‍. അതില്‍ കുറവാണ്. ചട്ടം നടപ്പാക്കപ്പെടുന്നതോടെ എല്ലാം കമ്പനികളും ഇത് 50 ശതമാനമായി നിജപ്പെടുത്തണം.

  • ജീവനക്കാരുടെയും കമ്പനികളുടെ പി എഫ് വിഹിതം കൂടും

  • പി എഫ് വിഹിതം കൂടുന്നത് കൊണ്ട് ജീവനക്കാര്‍ക്ക് പ്രതിമാസം കൈയില്‍ കിട്ടുന്ന തുകയില്‍ കുറവുണ്ടായേക്കും

  • പക്ഷേ പ്രതിമാസം വേതനത്തില്‍ നിന്ന് കൂടുതല്‍ തുക പി എഫിലേക്കും മറ്റും പോകുന്നതുകൊണ്ട് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ കിട്ടുന്ന തുകയില്‍ വര്‍ധനയുണ്ടാകും

  • കമ്പനികളുടെ പി എഫ് വിഹിതം കൂടുന്നതുകൊണ്ട് അവയുടെ വേതനയിനത്തിലെ ചെലവ് കൂടും.

    പല കമ്പനികളും ഇതിനകം തന്നെ അവരുടെ വേതന ഘടന പുനപരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും അതിന് അനുസൃതമായി സാമൂഹ്യ സുരക്ഷാ വിഹിതത്തിലും വര്‍ധന വരുന്നതോടെ കമ്പനികളുടെ സാമ്പത്തിക ഭാരം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

Author

Related Articles