News

ഒരു ലക്ഷം വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിച്ച് ചൈനീസ് കാര്‍ നിര്‍മാതാക്കള്‍

ഷാങ്ഹായ്: ചൈനയിലെ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ നിയോ ഇതുവരെയായി നിര്‍മിച്ചത് ഒരു ലക്ഷം വൈദ്യുത വാഹനങ്ങള്‍. ഈ മാസം ഏഴിനാണ് ഒരു ലക്ഷമെന്ന എണ്ണം തികഞ്ഞ ഇലക്ട്രിക് കാര്‍ അസംബ്ലി ലൈനില്‍നിന്ന് പുറത്തെത്തിച്ചത്. ഇതോടെ ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ സുപ്രധാന നാഴികക്കല്ല് താണ്ടി. ഇഎസ്8 എന്ന മോഡലാണ് ഒരു ലക്ഷമെന്ന എണ്ണം തികഞ്ഞ കാറായി പുറത്തിറങ്ങിയത്. ചൈനയിലെ ഹെഫെയിലെ ജെഎസി നിയോ സംയുക്ത പ്ലാന്റിലാണ് നിര്‍മിച്ചത്. ഈ സുപ്രധാന നിമിഷം ആഘോഷിക്കുന്നതിന് നിയോ ജീവനക്കാര്‍ക്കൊപ്പം ആദ്യ തലമുറ ഇഎസ്8, ഇഎസ്6, ഇസി6 ഉടമകളും പങ്കുചേര്‍ന്നു.   

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അമ്പതിനായിരം യൂണിറ്റ് ഉല്‍പ്പാദനമെന്ന നാഴികക്കല്ല് ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ പിന്നിട്ടത്. ഒമ്പത് മാസം തികയുന്നതിനുമുമ്പേ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയത് അല്‍ഭുതപ്പെടുത്തുന്നതാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം 7,257 വാഹനങ്ങളാണ് നയോ ഡെലിവറി ചെയ്തത്. 1,529 യൂണിറ്റ് ഇഎസ്8 (6 സീറ്റര്‍, 7 സീറ്റര്‍ പ്രീമിയം സ്മാര്‍ട്ട് ഇലക്ട്രിക് എസ്യുവി), 3,152 യൂണിറ്റ് ഇഎസ്6 (5 സീറ്റര്‍ ഹൈ പെര്‍ഫോമന്‍സ് ലോംഗ് റേഞ്ച് ഇലക്ട്രിക് എസ്യുവി), 2,576 യൂണിറ്റ് ഇസി6 (5 സീറ്റര്‍ സ്മാര്‍ട്ട് ഇലക്ട്രിക് കൂപ്പെ എസ്യുവി) എന്നിങ്ങനെയാണ് മാര്‍ച്ച് മാസത്തിലെ ഡെലിവറി കണക്ക്. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ആദ്യ പാദത്തിലെ ഡെലിവറി കണക്കുകളില്‍ 423 ശതമാനം വളര്‍ച്ചയാണ് നിയോ കൈവരിച്ചത്. ഈ പാദത്തില്‍ 20,060 വാഹനങ്ങള്‍ ഡെലിവറി ചെയ്ത് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.

Author

Related Articles