News

നീരവ് മോദിക്ക് ന്യൂയോര്‍ക്ക് കോടതിയിലും തിരിച്ചടി; വഞ്ചന കുറ്റം റദ്ദാക്കണമെന്ന അപേക്ഷ തള്ളി

വാഷിങ്ടണ്‍: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ന്യൂയോര്‍ക്ക് കോടതിയിലും തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്കെതിരായ വഞ്ചന കുറ്റം റദ്ദാക്കണമെന്ന അപേക്ഷ ന്യൂയോര്‍ക്ക് കോടതി തള്ളി. നീരവ് മോദിയുടെ ബിനാമി കമ്പനികളായ ഫയര്‍സ്റ്റാര്‍ ഡയമണ്ട്, എ ജാഫി, ഫാന്റസി എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാര്‍ഡ് ലെവിന്‍ നീരവ് മോദിക്കെതിരായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നീരവ് മോദിയെ കൂടാതെ മിഹിര്‍ ബന്‍സാലി, അജയ് ഗാന്ധി എന്നിവരും കേസില്‍ ഉള്‍പ്പെടും. ഇവരുടെ തട്ടിപ്പിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടത്തിന് ഇരയായവര്‍ക്ക് 15 മില്ല്യണ്‍ ഡോളറെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് ലെവിന്‍ കോടതിയെ അറിയിച്ചിരുന്നു. ലെവിന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നീരവ് മോദിയുടെ ഹരജി. വഞ്ചന, വിശ്വാസപരമായ ചുമതലകളുടെ ലംഘനം തുടങ്ങിയവയാണ് നീരവ് മോദിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നും മറ്റും കോടികള്‍ തട്ടുന്നതിനായി നീരവ് മോദി കമ്പനിയില്‍ വ്യാജ വില്‍പ്പന രേഖകള്‍ സൃഷ്ടിച്ചതായും ഓഹരി വിലയും കമ്പനി മൂല്യവും ഉയര്‍ത്തിക്കാട്ടാന്‍ കൃത്രിമമായി ശ്രമിച്ചുവെന്നും 60 പേജ് വരുന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര പറഞ്ഞു.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയശേഷം ഇംഗ്ലണ്ടിലേക്ക് കടക്കുകയായിരുന്നു നീരവ് മോദി. നിലവില്‍ യു.കെയിലെ ജയിലിലാണ് നീരവ് മോദി. അതേസമയം നീരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ നീരവ് മോദി യു.കെയിലെ കോടതിയില്‍ സമീപിച്ചിരുന്നു. ഈ ഹരജിയും നേരത്തേ തള്ളിയിരുന്നു.

Author

Related Articles