News

നീരവ് മോദിക്ക് കനത്ത തിരിച്ചടി; കേസില്‍ മാപ്പുസാക്ഷിയാകാന്‍ ഇളയ സഹോദരിയും ഭര്‍ത്താവും

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിക്കെതിരെയുള്ള കേസില്‍ മാപ്പുസാക്ഷിയാകാന്‍ ഇളയ സഹോദരി പൂര്‍വി മോദിയും ഭര്‍ത്താവ് മൈനാക് മേത്തയും. ഇവര്‍ സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റകൃത്യക്കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി അംഗീകരിച്ചു. സഹോദരിയുടെ തീരുമാനം നീരവിനു കനത്ത തിരിച്ചടിയാണ്.

ബല്‍ജിയം പൗരത്വമുള്ളയാളാണു പൂര്‍വി മോദി. ഭര്‍ത്താവ് ബ്രിട്ടിഷ് പൗരനും. കേസിനെത്തുടര്‍ന്ന് തങ്ങള്‍ വലയുകയാണെന്നും നീരവില്‍ നിന്ന് അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നതായും ഇരുവരും കോടതിയെ അറിയിച്ചു. നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്കു കൈമാറുമെന്നും വ്യക്തമാക്കി.  നീരവിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസില്‍ പൂര്‍വിയും ആരോപണവിധേയയാണ്.

നീരവ് മോദിയും അമ്മാവന്‍ മെഹല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരിയുടെ അക്കൗണ്ടിലെത്തിയെന്നും ഇഡി ആരോപിക്കുന്നു. നീരവിന്റെ ഹോങ്കോങ് ആസ്ഥാനമായുളള ബിസിനസ് നോക്കി നടത്തിയിരുന്നത് പൂര്‍വിയാണ്. അവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Author

Related Articles