News

ചാണകവും ഗോമൂത്രവും വില്‍ക്കാനൊരുങ്ങി നീതി ആയോഗ്; ഗോശാല സമ്പദ്‌വ്യവസ്ഥ രൂപീകരിക്കുന്നു

ന്യൂഡല്‍ഹി: ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തില്‍ വില്‍ക്കാനൊരുങ്ങി നീതി ആയോഗ്. ഇവയുടെ വില്‍പന പ്രോല്‍സാഹിപ്പിക്കാനായി ഗോശാല സമ്പദ്‌വ്യവസ്ഥ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് നീതി ആയോഗ്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗോമൂത്രത്തിനും ചാണകത്തിനും വിപണി കണ്ടെത്തുകയാണ്  നീതി ആയോഗിന്റെ ലക്ഷ്യം.

ഇതിനായി നീതി ആയോഗ് അംഗം രമേഷ് ചാണ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ വിവിധ ഗോശാലകള്‍ സന്ദര്‍ശിച്ച് അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കിയെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നീതി ആയോഗ് ഗോശാല സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പദ്ധതി തയാറാക്കുക.

വൈകാതെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നീതി ആയോഗില്‍ സമര്‍പ്പിക്കപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫാര്‍മസ്യൂട്ടിക്കള്‍, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ഗോമൂത്രം ആവശ്യമാണ്. ചാണകം ശ്മശാനങ്ങളില്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാണ് നീതി ആയോഗ് പ്രാമുഖ്യം നല്‍കുന്നത്.

പ്രകൃതിദത്ത കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഗോശാലകളെ സാമ്പത്തികമായി ലാഭകരമാക്കുക എന്നതാണ് ആശയമെന്നും പ്രകൃതിദത്ത കൃഷിയില്‍ ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നതിന് വളരെയധികം സാധ്യതകളുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാലുത്പാദനം കുറയുന്നതോടെ ഇന്ത്യന്‍ കന്നുകാലികള്‍ ഉല്‍പ്പാദനക്ഷമമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ''കന്നുകാലികളില്‍ നിന്നുള്ള മറ്റ് ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഗോശാലകള്‍ക്കും രാജ്യത്തിനും മൊത്തത്തില്‍ ഒരു വരുമാനം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയും,'' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാസവളമായി ഉപയോഗിക്കുന്നത് കൂടാതെ, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗോമൂത്രത്തിന് ആവശ്യക്കാരേറെയാണ്. കൂടാതെ, ചാണകത്തെ ഉണക്കി ഇന്ധന ആവശ്യവും നിറവേറ്റാനാകും. കന്നുകാലികളെ വളര്‍ത്താനും പ്രകൃതിദത്ത കൃഷി ചെയ്യാനും കര്‍ഷകരെ പ്രേരിപ്പിച്ചുകൊണ്ട് മധ്യപ്രദേശ് രാജ്യത്ത് മുന്നിലെത്തി. കന്നുകാലികളെ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനായി സംസ്ഥാനം പശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃകകള്‍ ഇന്ത്യയിലുടനീളം ആവര്‍ത്തിക്കാനാകും.

നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ കണക്കനുസരിച്ച്, 2019-ല്‍ ഇന്ത്യയില്‍ 192.5 ദശലക്ഷം കന്നുകാലികളും 109.9 ദശലക്ഷം എരുമകളും ഉണ്ടായിരുന്നു. മൊത്തം പശുക്കളുടെ എണ്ണം 302.3 ദശലക്ഷമായി. ഇത് 2021-ല്‍ 305 ദശലക്ഷത്തിലധികം വര്‍ദ്ധിച്ചു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ആഗോള കന്നുകാലി സംഖ്യ 996 ദശലക്ഷമാണ്.

News Desk
Author

Related Articles