News

എന്‍എംസി ഹെല്‍ത്തിന്റെ ആസ്തികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു; നീക്കം കടബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി

അബുദാബി: കടക്കെണിയിലായ യുഎഇയിലെ വന്‍കിട ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്തിന്റെ ആസ്തികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ കമ്പനിയുടെ നടത്തിപ്പ് ചുമതലയുള്ള അഡ്മിനിസ്ട്രേറ്റര്‍മാര്‍ ആരംഭിച്ചു. കടബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ആസ്തികള്‍ വില്‍ക്കുന്നത്. എന്‍എംസി അഡ്മിനിസ്ട്രേറ്ററും പുനഃസംഘടന വിദഗ്ധരുമായ അല്‍വരെസ് ആന്‍ഡ് മര്‍സലിലെ ഉദ്യോഗസ്ഥര്‍ എന്‍എംസിയുടെ വിതരണ ബിസിനസിനായി താല്‍പ്പര്യ പത്രം ക്ഷണിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ മാസം ഓഫര്‍ മുന്നോട്ടുവെക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മികച്ച ലാഭം കൊയ്യുന്ന എന്‍എംസിയുടെ ഫെര്‍ട്ടിലിറ്റി സെന്റെറിന്റെ വില്‍പ്പന ജൂണിലോ ജൂലൈയിലോ നടത്താനാണ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ പദ്ധതി. വരുംമാസങ്ങളില്‍ ആശുപത്രികളടക്കം കമ്പനിയുടെ മറ്റ് ആസ്തികളും വില്‍ക്കും. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും ഒരുകാലത്ത് വന്‍കിട കമ്പനികള്‍ മാത്രമുള്ള ലണ്ടനിലെ എഫ്ടിഎസ്ഇ 100 സൂചികയില്‍ അംഗവുമായിരുന്ന എന്‍എംസിയുടെ അക്ഷരാര്‍ത്ഥത്തിലുള്ള തകര്‍ച്ചയ്ക്കാണ് ഇതോടെ തുടക്കമാകുന്നത്.

മറച്ചുവെച്ച കടബാധ്യതകളും തട്ടിപ്പുകളും പുറത്തുവന്നതോടെയാണ് എന്‍എംസി ഹെല്‍ത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ലോകം അറിഞ്ഞുതുടങ്ങിയത്. ഇതിനുപിന്നാലെ കമ്പനി സ്ഥാപകനായ ബി ആര്‍ ഷെട്ടി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം എന്‍എംസിയുടെ പടി ഇറങ്ങി. ബാധ്യതകള്‍ തീര്‍ക്കാനുള്ള മുറവിളിയുമായി വായ്പാദാതാക്കളും കൂടി രംഗത്തെത്തിയതോടെ എന്‍എംസി നിലയില്ലാകയത്തില്‍ മുങ്ങി. യുഎഇയിലെ വന്‍കിട ബാങ്കുകള്‍ക്ക് പുറമേ, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര ബാങ്കുകളും എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ട്.

വില്‍പ്പന നടപടികള്‍ അമാന്തിക്കില്ലെന്നാണ് വിവരം. വിതരണ ബിസിനസിന്റെ വലുപ്പം നിശ്ചയിച്ച് ഇടപാട് തുകയടക്കമുള്ള കാര്യങ്ങളില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വില്‍പ്പനയില്‍ അന്തിമ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. ബിസിനസ് സന്തുലിതമാക്കുന്നതിനും ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും പ്രവര്‍ത്തനം തുടരുന്നതിനുമാണ് മാനേജ്മെന്റ് മുന്‍ഗണന നല്‍കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. കമ്പനിയുടെ പ്രധാന ബിസിനസുകളായ ആശുപത്രി, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയില്‍ നിന്നും വേറിട്ടാണ് വിതരണ ബിസിനസിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെസ്റ്റ്ലേയുടെ ഭക്ഷണപാനീയങ്ങള്‍, ഫിസെറിന്റെ മരുന്നുകള്‍, യൂണിലിവറിന്റെ പേഴ്സണല്‍ കെയര്‍ പ്രോഡക്ട്സ് എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് യുഎഇയില്‍ എന്‍എംസി ട്രേഡിംഗ് വിതരണം ചെയ്തിരുന്നത്. വിദേശ ബ്രാന്‍ഡുകളിലുള്ള വൈദ്യോപകരണങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികള്‍, ഓഫീസുകളിലേക്ക് വേണ്ട സാധനങ്ങള്‍, വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും കമ്പനി വിതരണം ചെയ്തിരുന്നു. 1,700ലധികം ജീവനക്കാരാണ് എന്‍എംസിയുടെ ഡിസ്ട്രിബ്യൂഷന്‍ ബിസിനസില്‍ ജോലി ചെയ്തിരുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഗാസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍ ഉള്‍പ്പടെ 10,000 വില്‍പ്പന കേന്ദ്രങ്ങളിലേക്കാണ് ഇവര്‍ സാധനങ്ങള്‍ എത്തിച്ചിരുന്നത്.

Author

Related Articles