News

ജെറ്റ് എയര്‍വേസ് 2021 ഓടെ വീണ്ടും സര്‍വ്വീസ് ആരംഭിച്ചേക്കും; ആദ്യ ഘട്ടത്തില്‍ 20 വിമാനങ്ങള്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് അവസാനിപ്പിച്ച ജെറ്റ് എയര്‍വേസ് 2021 ഓടെ വീണ്ടും സര്‍വ്വീസ് ആരംഭിച്ചേക്കും. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏപ്രിലിലോടെ സര്‍വ്വീസ് തുടങ്ങാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ 20 വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് തുടങ്ങാനാണ് പദ്ധതിയെന്ന് കമ്പനിയെ ഏറ്റെടുത്ത ഉടമകളായ കര്‍ലോക് ക്യാപിറ്റലിന്റെയും യുഎഇ വ്യവസായ മുരാരി ലാല്‍ ജലാനും ചേര്‍ന്ന കണ്‍സോര്‍ഷ്ത്തിന്റെ തിരുമാനമെന്ന് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

നിലവില്‍ 12 വിമാനങ്ങളാണ് കമ്പനിക്ക് ഉള്ളത്. ഇതിന് പകരം പുതിയ വിമാനങ്ങള്‍ വാങ്ങും. 5 വര്‍ഷം കൊണ്ട് 100 വിമാനങ്ങള്‍ എന്നതാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകളും പിന്നീട് രാജ്യാന്തര സര്‍വ്വീസുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 36,000 കോടി രൂപയിലധികം കടബാധ്യത ജെറ്റ് എയര്‍വെയ്സിനുണ്ട്. ഇതില്‍ 10,000 കോടി രൂപയിലധികം വിമാനങ്ങളുടെ വാടകയാണ്. 8,500 കോടി രൂപയുടെ വായ്പാ ബാധ്യതയും 3,000 കോടി രൂപ ശമ്പളകുടിശ്ശികയുമാണ്.

കമ്പനി നിയമ ട്രൈബ്യൂണലിന് സമര്‍പ്പിച്ച പദ്ധതി പ്രകാരം, വായ്പാദാതാക്കള്‍ക്ക് തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയര്‍ലൈന്‍സില്‍ 9.5% ഓഹരി കൈമാറും. കൂടാതെ പ്രിവിലജ് യാത്രാപദ്ധതിയായ ഇന്റര്‍മൈല്‍സില്‍ 7.5% ഓഹരിയും നല്‍കും. 1993 ല്‍ നരേഷ് ഗോയല്‍ എന്ന പഞ്ചാബ് സ്വദേശി തുടങ്ങി ജെറ്റ് എയര്‍വേയ്‌സ് ഒരുകാലത്ത് രാജ്യത്ത് ഏറ്റവും അധികം ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിമാന കമ്പനിയായിരുന്നു. 124 വിമാനങ്ങളായി അന്ന് ജെറ്റ് എയര്‍വേയ്‌സിന് ഉണ്ടായിരുന്നത്. പിന്നീട് അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതോടെയാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിയത്.

Author

Related Articles