News

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ സമവായമായില്ലെന്ന് നിര്‍മല സീതാരാമന്‍; എതിര്‍പ്പുമായി 9 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മില്‍ സമവായമായില്ലെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തിങ്കളാഴ്ച രാത്രി ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. നഷ്ടപരിഹാരം സംബന്ധിച്ചു ധാരണയാകാതെ അവസാനിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തേതും ഏഴു ദിവസത്തിനുള്ളിലെ രണ്ടാമത്തേയും യോഗമായിരുന്നു ഇത്.

സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കു വായ്പയെടുക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ 12 സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരായ കേന്ദ്രമാണു വായ്പയെടുക്കേണ്ടത് എന്ന നിലപാടില്‍ 9 സംസ്ഥാനങ്ങള്‍ ഉറച്ചുനിന്നു. ഇതുവരെ മൊത്തത്തില്‍ 21 സംസ്ഥാനങ്ങള്‍ വായ്പയെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനത്തോടു വിസമ്മതിച്ച 9 സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ നിര്‍മല സീതാരാമന്‍ സമയം ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്കുള്ള ആകെ നഷ്ടപരിഹാരം ഏകദേശം 97,000 കോടിയാണ്. കോവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക ആശ്വാസം ഉള്‍പ്പെടെ ഇത് 2.35 ലക്ഷം കോടിയായി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തിനു വഴിതെളിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പഞ്ചാബ്, ബംഗാള്‍, കേരളം എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനത്തില്‍ അതൃപ്തരാണ്. ഈ വര്‍ഷം 20,000 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നു കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Author

Related Articles