News

എണ്ണ ഇതര വരുമാനം ഗണ്യമായുയര്‍ത്തി യുഎഇ; വ്യാപാര മൂല്യം 1.403 ദിര്‍ഹം ട്രില്യണ്‍ ആയി ഉയര്‍ന്നു

ദുബൈ: എണ്ണയില്ലെങ്കില്‍ ഗള്‍ഫ് ഇല്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ എണ്ണ ഇതര വരുമാനം ഗണ്യമായുയര്‍ത്തി യുഎഇ കഴിഞ്ഞ വര്‍ഷം എണ്ണ ഇതര വിദേശ വ്യാപാരത്തിന്റെ മൂല്യം 1.403 ദിര്‍ഹം ട്രില്യണ്‍ ആയി ഉയര്‍ന്നു. ഫെഡറല്‍ സെന്റര്‍ ഫോര്‍ കോമ്പറ്റീറ്റിവിറ്റി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (എഫ്‌സിഎസ്എ) പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2019ലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2020ലെ മൊത്തം വ്യാപാര ഇറക്കുമതി 785.1 ബില്യണ്‍ ദിര്‍ഹമിലെത്തി. മൊത്തം ചരക്ക് വ്യാപാരത്തിന്റെ 56 ശതമാനം ആണിത്.

26 ശതമാനം റീ-എക്‌സ്‌പോര്‍ട്ടും നടന്നു. യുഎഇയുമായുള്ള വ്യാപാരത്തില്‍ ചൈന തന്നെയാണ് മുമ്പില്‍. 174 ബില്യണ്‍ ദിര്‍ഹമിന്റെ ഇടപാടാണ് ചൈനയുമായി നടന്നത്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയുമായി 104 ബില്യണ്‍ ദിര്‍ഹം, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമായി 102.5 ബില്യണ്‍ ദിര്‍ഹമിന്റെയും ഇടപാട് രേഖപ്പെടുത്തി. 80.2 ബില്ല്യണ്‍ ദിര്‍ഹമുള്ള അമേരിക്ക നാലാം സ്ഥാനത്തും 53 ബില്യണ്‍ ദിര്‍ഹമുള്ള ഇറാഖ് അഞ്ചാം സ്ഥാനത്തുമുണ്ട്. യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിന്റെ 36.6 ശതമാനവും ഈ അഞ്ച് രാജ്യങ്ങളുടേതാണ്.

കയറ്റുമതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഇറക്കുമതിയില്‍ ചൈനയുമാണ് യുഎഇയുടെ അടുത്ത സുഹൃത്തുക്കള്‍. 29.2 ബില്യണ്‍ ദിര്‍ഹമിന്റെ ഉല്‍പന്നങ്ങളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തത്. എണ്ണ ഇതര കയറ്റുമതിയില്‍ 11.5 ശതമാനവും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ്. സൗദി 25.6 ബില്യണ്‍, ഇന്ത്യ 19.7 ബില്യണ്‍, തുര്‍ക്കി 18.4 ബില്യണ്‍ എന്നിവരാണ് പിന്നാലെയുള്ളത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 144.4 ബില്യണ്‍ ദിര്‍ഹമിന്റെ എണ്ണ ഇതര ചരക്കാണ്. യുഎസ് 60.5, ഇന്ത്യ 60.5, ജപ്പാന്‍ 34.7 എന്നിവയാണ് ഇറക്കുമതിയില്‍ ഒപ്പമുള്ളത്.

Author

Related Articles