News

കരുതല്‍ സ്വര്‍ണം വിറ്റിട്ടില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ രംഗത്ത്; കേന്ദ്രസര്‍ക്കാര്‍ കരുതല്‍ ധനത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത് പോലെ കരുതല്‍ സ്വര്‍ണത്തിലും ഇടപെടലെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: കരുതല്‍ സ്വര്‍ണ്ണശേഖരം വിറ്റുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി ആര്‍.ബി.ഐ. സ്വര്‍ണ്ണശേഖരം വിറ്റിട്ടില്ലെന്നും എക്സ്ചേഞ്ച് റേറ്റുകളിലുണ്ടായ മാറ്റവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വിലയിലുണ്ടായ വ്യതിയാനവും മൂല്യം കുറയുന്നതിന് ഇടയാക്കിയെന്നുമാണ് ആര്‍.ബി.ഐയുടെ വിശദീകരണം.

ആര്‍.ബി.ഐ 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണം വിറ്റുവെന്നായിരുന്നു ആരോപണം. സാമ്പത്തിക വര്‍ഷത്തില്‍ 5.1 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ആര്‍.ബി.ഐ വാങ്ങുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.ഒക്ടോബര്‍ 11വരെ, 2670 കോടി ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണമാണ് ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരത്തില്‍ ഉള്ളത്. ഓഗസ്റ്റ് വരെ 19.87 ദശലക്ഷം ട്രോയ് ഔണ്‍സാണ് കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ്. 

ബിമന്‍ ജലാന്‍ സമിതി റിപ്പോര്‍ട്ട് സ്വീകരിച്ചതിനു പിന്നാലെ സ്വര്‍ണത്തിന്മേലുള്ള വ്യാപാരം ആര്‍.ബി.ഐ വര്‍ധിപ്പിച്ചുവെന്ന കണക്കുകളാണ് പുറത്ത് വന്നത്. അതേസമയം എല്ലാ ആരോപണങ്ങളെയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ തള്ളിക്കളയുകയാണ്. റിസര്‍വ്വ് ബാങ്കിന്റെ 1.76 ലക്ഷം കോടി കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവാങ്ങിയതിന് പിന്നാലെ കരുതല്‍ സ്വര്‍ണത്തിലും കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നത്. 

റിസര്‍വ്വ് ബാങ്കിന് നേരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നതോടെ രാജ്യത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വിലെ സ്വര്‍ണത്തിന്റെ മൂല്യം 26.8 ബില്യണ്‍ ഡോളറാണ്. ഓഗസ്റ്റ് മാസം അവസാനം വരെ 19.87 ദശലക്ഷം ട്രോയ് ഔണ്‍സ് സ്വര്‍ണമാണ് റിസര്‍വ്വ് ബാങ്കിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Author

Related Articles