News

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് നിലയ്ക്കാതെ ജിയോ; ഇത്തവണ നിക്ഷേപത്തിനെത്തുന്നത് ടിപിജി ക്യാപിറ്റല്‍

റിലയന്‍സ് ജിയോയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിജി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. നിലവില്‍ ഏഴുസ്ഥാപനങ്ങള്‍ മൊത്തം 97,885.65 കോടി (13 ബില്യണ്‍ ഡോളര്‍) രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ടിപിജി കൂടി നിക്ഷേപം നടത്തുന്നതോടെ യുഎസില്‍ നിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസില്‍ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്.

ഊബര്‍, എയര്‍ബിഎന്‍ബി, സര്‍വെ മങ്കി തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണ് ടിപിജി. ജിയോയില്‍ ഇവര്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നേക്കും. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പാണ് ആഗോള നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്രയും തുകയുടെ നിക്ഷേപം സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്.




Author

Related Articles