News

കോവിഡ് മൂലം നാട്ടിലെത്തിയ പ്രവാസികള്‍ ആശങ്കയില്‍; ആദായ നികുതി അടയ്‌ക്കേണ്ടി വരുമോ?

കൊച്ചി: വിദേശത്ത് നിന്നും മടങ്ങി വന്ന പ്രവാസികള്‍ ആശങ്കയിലാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ ഒരു സാമ്പത്തിക വര്‍ഷം 181 ദിവസത്തിലധികം ഇന്ത്യയില്‍ താമസിച്ചാല്‍ അവര്‍ക്ക് ആദായ നികുതി ഒഴിവുകള്‍ ലഭിക്കില്ല എന്നാണ് നിയമം. അതായത് വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനത്തിനും ഇവിടെ നികുതി നല്‍കണം.

എന്നാല്‍ കോവിഡ് മൂലം മറ്റ് രാജ്യങ്ങളില്‍ നിന്നും ജീവനും കൊണ്ട് ഓടി വന്ന പലര്‍ക്കും ഇതുവരെ തിരിച്ചു പോകാന്‍ ആയിട്ടില്ല. മിക്കവരുടേയും ഇവിടുത്തെ താമസം 181 ദിവസത്തില്‍ അധികമായിട്ടുമുണ്ടാകും. 2019-2020 വര്‍ഷത്തില്‍ മാര്‍ച്ചിലെ ലോക്ഡൗണ്‍ ആരംഭിച്ച ശേഷമുള്ള അധിക താമസക്കാലം ഈ 181 ദിവസം കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കുമെന്ന് മെയ് 8ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 2020-2021 വര്‍ഷത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇനിയും വന്നിട്ടില്ല. ഇതാണ് പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്.

രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെയുള്ള കാലഘട്ടം ഇത്തരത്തില്‍ പരിഗണിക്കില്ലെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒഴിവാക്കാത്ത 182 ദിവസം ഇന്ത്യയില്‍ നിന്നാല്‍ എന്‍ആര്‍ഐ പദവി ഇവര്‍ക്ക് നഷ്ടമാകും. അതോടെ അയാളുടെ എല്ലാ രാജ്യത്തെയും വരുമാനങ്ങള്‍ക്ക് മുഴുവനും ഇന്ത്യയില്‍ ആദായ നികുതി നല്‍കേണ്ടി വരും.

കോവിഡ് 19 മൂലം പല രാജ്യങ്ങളും വിമാന യാത്ര അനുവദിക്കുന്നില്ല. അതിനാല്‍ ഒരു വര്‍ഷത്തില്‍ ഇന്ത്യയില്‍ താമസിക്കുവാന്‍ അനുവാദമുള്ള 181 ദിവസത്തോടൊപ്പം ഈ അടച്ചിടല്‍ കാലം കൂടി കണക്കാക്കി അര്‍ഹരായവരുടെ എന്‍ആര്‍ഐ പദവി നലനിര്‍ത്താനുള്ള ഉത്തരവ് പെട്ടന്ന് തന്നെ ഇറക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

Author

Related Articles