News

നൈക ഐപിഒ ഉജ്ജ്വലം; ആദ്യ മണിക്കൂറില്‍ തന്നെ പൂര്‍ണ സബ്സ്‌ക്രിപ്ഷന്‍ നേടി റീറ്റെയ്ല്‍ വിഭാഗം

നൈക ഐപിഒയ്ക്ക് ആവേശകരമായ തുടക്കം. ഐപിഓയ്ക്കായി സബ്സ്‌ക്രിപ്ഷന്‍ തുറന്ന് ഒരു മണിക്കൂറില്‍ റീറ്റെയ്ല്‍ വിഭാഗം പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബിഡ്ഡിംഗിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച രാവിലെ 10:50 വരെ, ഓഹരികള്‍ 0.19 തവണ സബ്‌സ്‌ക്രൈബുചെയ്തതായാണ് റിപ്പോര്‍ട്ട്. റീറ്റെയ്ല്‍ വിഭാഗം 1.02 തവണ ബുക്ക് ചെയ്യപ്പെട്ടതായും ബിഎസ്ഇ ഡേറ്റ പറയുന്നു.

ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഭാഗം 0.06 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 0.02 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. പുതിയ സ്റ്റോക്കുകളും ഓഫര്‍ ഫോര്‍ സെയിലും ചേര്‍ത്ത് നൈക്കയുടെ മാതൃസ്ഥാപനമായ എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് 5,352 കോടി രൂപയുടെ ഐപിഒ ആണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഒക്ടോബര്‍ 28 ന് തുറന്ന ഐപിഒ നവംബര്‍ ഒന്നുവരെയാണ് നടക്കുക. വിപണിയില്‍ നിന്നും ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ ഐപിഓയ്ക്ക് ഇതിനോടകം മികച്ച പ്രതികരണമാണെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ ഓഹരി വില കൂടുതലാണെന്നതും ശ്രദ്ധേയമാണ്. 10,85 രൂപ മുതല്‍ 1125 രൂപവരെയാണ് നൈക്ക ഓഹരികളുടെ പ്രൈസ്ബാന്‍ഡ്.ഇന്ന് ഗ്രേ മാര്‍ക്കറ്റില്‍ നൈക്ക ഓഹരികള്‍ 625 രൂപയുടെ ശക്തമായ പ്രീമിയത്തില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എന്‍എസ്ഇയിലും ബിഎസ്ഇയിലും നവംബര്‍ 11ന് ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author

Related Articles