News

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞു; ഇന്ത്യയില്‍ വില കുറയുമോ?

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ വന്‍ കുറവ്. യൂറോപ്പില്‍ വീണ്ടും കോവിഡ് സംബന്ധിച്ച ആശങ്ക ഉയര്‍ന്നതോടെയാണ് എണ്ണവില കുറഞ്ഞത്. ബ്രെന്റ് ക്രൂഡിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലെത്തി. 84.78 ഡോളറില്‍ നിന്നാണ് വില10 ദിവസത്തിനുള്ളില്‍ ഇത്രയും ഇടിഞ്ഞത്. എന്നാല്‍, കഴിഞ്ഞ 18 ദിവസമായി ഇന്ത്യയില്‍ എണ്ണവിലയില്‍ മാറ്റം വന്നിട്ടില്ല.

ഒക്‌ടോബര്‍ ഒന്നിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 80 ഡോളറിന് താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നവംബര്‍ നാലിന് ശേഷം ഇന്ത്യയില്‍ എണ്ണവിലയില്‍ മാറ്റം വന്നിട്ടില്ല. അന്ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‍േറയും ഡീസലിന്‍േറയും നികുതി യഥാക്രമം അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 18 ദിവസമായി പെട്രോള്‍ വില 103.97 രൂപയിലും ഡീസല്‍ 86.67 രൂപയിലും തുടരുകയാണ്. അതേസമയം, നേരത്തെ ഉല്‍പാദനം വെട്ടികുറച്ചതാണ് അന്താരാഷ്ട്ര വിപണിയില്‍  എണ്ണവില ഉയരുന്നതിനിടയാക്കിയിരുന്നു. എന്നാല്‍, യുറോപ്പിലെ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇന്ധന ആവശ്യകതയില്‍ കുറവുണ്ടായാല്‍ വരും ദിവസങ്ങളിലും വില കുറയാന്‍ തന്നെയാണ് സാധ്യത.

Author

Related Articles