News

ഇന്ത്യയില്‍ ഇന്ധനവില വീണ്ടും കൂട്ടി; നിരക്ക് അറിയാം

തിരുവനന്തപുരം: ഇന്ത്യയില്‍ ഇന്ധനവില വീണ്ടും കൂട്ടി. ശനിയാഴ്ച്ച പെട്രോളിന് 30 പൈസയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 103.95 രൂപയായി വില. കൊച്ചിയില്‍ 102.06 രൂപയും കോഴിക്കോട്ട് 102.26 രൂപയുമാണ് പെട്രോള്‍ വില രേഖപ്പെടുത്തുന്നത്. ഇന്ന് ഡീസല്‍ വില മാറിയിട്ടില്ല. ഡീസല്‍ വില തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയും കോഴിക്കോട്ട് 95.03 രൂപയുമായി തുടരുന്നു. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവില പുതുക്കുന്നത്.
 
എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും സംഘടനയായ ഒപെക് പ്ലസിലെ തര്‍ക്കം അസംസ്‌കൃത എണ്ണവിലയെ ഗൗരവമായി സ്വാധീനിക്കുകയാണ്. ഒപെക് പ്ലസ് പ്രതിനിധികള്‍ തമ്മിലെ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഇതിന് വലിയ വില കൊടുക്കുന്നതും. എന്തായാലും നിരക്ക് ഇന്നും പുതുക്കിയതോടെ മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില റെക്കോര്‍ഡുകള്‍ ഭേദിച്ചു.

Author

Related Articles