News

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍; ഇളവ് നല്‍കേണ്ടത് കേന്ദ്രമെന്ന് നിലപാട്

തിരുവനന്തപുരം: തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസര്‍കോട്ടും പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രമാണ് നികുതി ഇളവ് നല്‍കേണ്ടത് എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ സംസ്ഥാന നികുതി കുറയ്ക്കില്ല. ജി എസ് ടി യില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല. 

അത് സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വര്‍ഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണ വിലകൂട്ടിയത്.

Author

Related Articles