News

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടന്ന് ഒല; വൈകാതെ ഇന്ത്യന്‍ വിപണിയിലേക്കും

ഓണ്‍ലൈന്‍ ടാക്‌സി സേവനദതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്നു റിപ്പോര്‍ട്ട്. 2021 ജനുവരിയില്‍ ആദ്യ വാഹനവുമായി വിപണിയിലെത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തില്‍ നെതര്‍ലാന്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലും യൂറോപ്പിലും വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനായാസം മാറ്റിയെടുക്കാവുന്നതും ഊര്‍ജസാന്ദ്രതയേറിയതുമായ ബാറ്ററിയോടെ കമ്പനി വികസിപ്പിക്കുന്ന ഈ സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരം ഓടാനാവും.  

ഈ വര്‍ഷം മെയ് മാസത്തിലാണ് ഓല ഇലക്ട്രിക് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള എറ്റെര്‍ഗോയെ ഏറ്റെടുക്കുന്നത്. 2021 ല്‍ ഇന്ത്യയില്‍ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്നും എറ്റെര്‍ഗോ ഏറ്റെടുക്കല്‍ അതിന്റെ എഞ്ചിനീയറിംഗ്, ഡിസൈന്‍ കഴിവുകളെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും കമ്പനി അന്നും വ്യക്തമാക്കിയിരുന്നു.

നിലവില്‍ രാജ്യത്ത് വില്‍പനയ്ക്കുള്ള പെട്രോള്‍ സ്‌കൂട്ടറുകളുമായുള്ള താരതമ്യം ചെയ്യുമ്പോള്‍ തികച്ചും മത്സരക്ഷമമായ വിലകളില്‍ ഇ സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.  ആദ്യ വര്‍ഷത്തില്‍ ഒരു ദശലക്ഷം ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പനയാണ് ഓല ശ്രമിക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകള്‍ നെതര്‍ലാന്‍ഡിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് നീക്കം. പ്രാദേശിക ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റുന്നതിന് ഇന്ത്യയില്‍ ഒരു സൗകര്യം ഒരുക്കാന്‍ ഓല ഇലക്ട്രിക് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് കമ്പനിയുടെ നീക്കം. ഏകദേശം രണ്ടു ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഓല വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Author

Related Articles