News

കുതിപ്പുമായി ഒല; 24 മണിക്കൂറിനുള്ളില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നേടിയത് ഒരു ലക്ഷത്തിലധികം പ്രീ ബുക്കിംഗ്

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നേടിയത് ഒരു ലക്ഷത്തിലധികം പ്രീ ബുക്കിംഗ്. ഇതുവഴി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒല ഇലക്ട്രിക്. രസകരമായ കാര്യമെന്തെന്നാല്‍, ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ 30,000 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് വിറ്റത്. ഈ കണക്കുകള്‍ക്കിടയിലാണ് 24 മണിക്കൂറിനുള്ളില്‍ ഇത്രയും പ്രീ ബുക്കിംഗ് നേടാന്‍ ഒല ഇലക്ട്രിക്കിന് കഴിഞ്ഞത്. ഇലക്ട്രിക് സ്‌കൂട്ടറിന് വമ്പന്‍ ഡിമാന്‍ഡ് തുടരുകയാണെന്ന് കമ്പനി വ്യക്തമാക്കി.

ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യ ഉല്‍പ്പന്നത്തിനായി കഴിഞ്ഞ ദിവസമാണ് പ്രീ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ക്ക് കമ്പനി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനും 499 രൂപ നല്‍കി ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാനും കഴിയും. ബുക്കിംഗ് തുക പൂര്‍ണമായും തിരികെ ലഭിക്കും. പ്രീ ബുക്കിംഗ് ആരംഭിച്ചതോടെ ആഴ്ച്ചകള്‍ക്കുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും ഈ മാസം തന്നെ വിപണി അവതരണം നടന്നേക്കും.

തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന് രാജ്യമെങ്ങുമുള്ള ഉപയോക്താക്കള്‍ നല്‍കുന്ന മികച്ച പ്രതികരണത്തില്‍ താന്‍ പുളകിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഉപയോക്താക്കളുടെ താല്‍പ്പര്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ അഭൂതപൂര്‍വമായ ആവശ്യകത. വരാനിരിക്കുന്ന തങ്ങളുടെ വലിയ മുന്നേറ്റം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഡിമാന്‍ഡ്. സുസ്ഥിര മൊബിലിറ്റിയിലേക്ക് ലോകത്തെ പരിവര്‍ത്തനം ചെയ്യുകയാണ് തങ്ങളുടെ ദൗത്യം. ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്തതിലൂടെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ പങ്കുചേര്‍ന്ന എല്ലാ ഉപയോക്താക്കള്‍ക്കും നന്ദി പറയുന്നതായും ഇതൊരു തുടക്കം മാത്രമാണെന്നും ഭവിഷ് അഗര്‍വാള്‍ പ്രസ്താവിച്ചു.

Author

Related Articles