News

ഒല 1400 ജീവനക്കാരെ പിരിച്ചുവിടുന്നു; രണ്ട് മാസത്തിനുള്ളില്‍ വരുമാനം 95 ശതമാനം കുറഞ്ഞു

കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ വരുമാനം 95 ശതമാനം കുറഞ്ഞതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല 1400 ഓളം ജീവനക്കാരെ പിരിച്ചുവിടും. ടാക്‌സി, ധനകാര്യ സേവനങ്ങള്‍, ഭക്ഷ്യ ബിസിനസുകള്‍ എന്നിവയില്‍ നിന്ന് മൊത്തത്തില്‍ കമ്പനിയുടെ വരുമാനം 95 ശതമാനം കുറഞ്ഞു. 1,400 ജീവനക്കാര്‍ എന്നാല്‍ കമ്പനിയിലെ ആകെ തൊഴിലാളികളുടെ ഏകദേശം 25 ശതമാനം വരും.

താന്‍ എടുത്ത ഏറ്റവും കഠിനമായ തീരുമാനം എന്ന തുടക്കത്തോടെയാണ് പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ സിഇഒ ഭാവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിസിനസിന്റെ ഭാവി വളരെ അവ്യക്തവും അനിശ്ചിതത്വത്തിലുമാണെന്നും ഈ പ്രതിസന്ധിയുടെ ആഘാതം തീര്‍ച്ചയായും ദീര്‍ഘകാലത്തേയ്ക്ക് കമ്പനിയെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒറ്റത്തവണ പിരിച്ചുവിടല്‍ ആയിരിക്കുമെന്നും ഇതിന് ശേഷം കൂടുതല്‍ കൊവിഡുമായി ബന്ധപ്പെട്ട പിരിച്ചുവിടല്‍ കമ്പനിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
 
വൈറസിന്റെ ആഘാതം വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്. കഴിഞ്ഞ 2 മാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞു. ഏറ്റവും പ്രധാനമായി, ഈ പ്രതിസന്ധി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങള്‍ കാരണം സര്‍വ്വീസുകളുടെ ഡിമാന്‍ഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനിയായ ഊബര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലില്‍ 3000 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഊബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദാര ഖോസ്രോഷാഹി തിങ്കളാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Author

Related Articles