News

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരികെ വിളിച്ച് ഒലയും; നടപടി ഇലക്ട്രിക് വാഹനങ്ങള്‍ തീപിടിക്കുന്ന പശ്ചാത്തലത്തില്‍

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരികെ വിളിച്ചു. 1441 സ്‌കൂട്ടറുകള്‍ തിരിച്ചു വിളിച്ചതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവമായാണ് ഇതിനെ വിലയിരുത്തുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നത്. പരാതി ഉയര്‍ന്ന ബാച്ചിലെ സ്‌കൂട്ടറുകളാണ് തിരികെ വിളിക്കുന്നത്. ഇവ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കമ്പനി അറിയിച്ചു. സ്‌കൂട്ടറുകള്‍ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കും. എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ പരിശോധന നടത്തും.

യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇസിഇ 136ന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നും കമ്പനി അറിയിച്ചു. അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വാഹന നിര്‍മ്മാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിരുന്നു. പ്യുവര്‍ ഇവിയും 2,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles