News

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ കമ്മീഷന്‍ നിരക്കില്‍ നിയന്ത്രണവുമായി കേന്ദ്രം

ബംഗളുരു: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഓല,ഊബര്‍ കമ്പനികളുടെ കമ്മീഷന്‍ നിരക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.യാത്രാ സേവനദാതാക്കള്‍ക്ക് പുതിയ നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മൊത്തം നിരക്കിന്റെ പത്ത് ശതമാനം കമ്മീഷന്‍ ഏര്‍പ്പെടുത്താനാണ് ധാരണ. നിലവില്‍ കമ്പനികളുടെ കമ്മീഷന്‍ 20 ശതമാനമാണ്. കൂടാതെ ഡ്രൈവര്‍മാര്‍ യാത്ര റദ്ദാക്കുന്നതിനും യാത്രികര്‍ യാത്ര റദ്ദാക്കുന്നതിലും പുതിയ ചട്ടം കൊണ്ടുവരുന്നുണ്ട്. ഡ്രൈവര്‍മാരോ കാരണമില്ലാതെ യാത്രക്കാരോ യാത്ര റദ്ദാക്കിയാല്‍ യാത്രയുടെ മൊത്തം നിരക്കിന്റെ പത്ത് മുതല്‍ അമ്പത് ശതമാനം വരെയാണ് പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്.

തുക 100 രൂപയില്‍ കവിയാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ആഴ്ചയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള യാത്രികരുടെ എണ്ണത്തിലും പരിധി ഏര്‍പ്പെടുത്തും. യാത്രയുടെ ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ഡ്രൈവര്‍മാരുടെ ഫേഷ്യല്‍ അഥവാ ബയോമെട്രിക് വെരിഫിക്കേഷന്‍ നടത്തുകയും വേണം.കൂടാതെ യാത്രയുടെ മൊത്തം തുകയുടെ 90 ശതമാനം ഡ്രൈവര്‍ക്കും പത്ത് ശതമാനം സേവനദാതാക്കള്‍ക്കും നല്‍കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തും. ഇത് നിലവില്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരമാകാന്‍ ഉതകുമെന്നാണ് വിവരം.  രാജ്യത്ത് ടാക്‌സികള്‍ക്ക് പ്രചോദനം നല്‍കാനാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ നിയന്ത്രിക്കുന്നതെന്നാണ് വിവരം. പുതിയ നിയമങ്ങള്‍ വന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

Author

Related Articles