News

എണ്ണ വില കുറഞ്ഞു; ഒമാന്റെ ധനക്കമ്മി 890.2 മില്യണ്‍ റിയാലായി വര്‍ധിച്ചു

മസ്‌കറ്റ്: മെയില്‍ ഒമാനിലെ ധനക്കമ്മി 890.2 മില്യണ്‍ റിയാല്‍ (2.32 ബില്യണ്‍ ഡോളര്‍) ആയി വര്‍ധിച്ചതായി ധനമന്ത്രാലയം. കുറഞ്ഞ എണ്ണവിലയും ക്രൂഡ് ഉല്‍പ്പാദനം കുറഞ്ഞതുമാണ് കമ്മി കൂടാനുള്ള പ്രധാനകാരണങ്ങള്‍. എണ്ണസമ്പന്ന ഗള്‍ഫ് മേഖലയില്‍ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യമാണ് ഒമാന്‍. അതിനാല്‍ത്തന്നെ എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ ഒമാന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. 

2019ല്‍ ഒമാന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) മൂന്നിലൊന്നും ഇന്ധമ മേഖലയില്‍ നിന്നായിരുന്നുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തന്നെ  എണ്ണവരുമാനം ഒമാന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കാം. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ ഒമാനിലെ എണ്ണ വരുമാനത്തില്‍ കഴിഞ്ഞ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം ഇടിവ് രേഖപ്പെടുത്തി. എണ്ണയിതര വരുമാനം ഉള്‍പ്പടെ രാജ്യത്തെ മൊത്തത്തിലുള്ള വരുമാനത്തിലും 19 ശതമാനം ഇടിവുണ്ടായതായി ധനമന്ത്രാലയം വ്യക്തമാക്കി.   

സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനായി ഒമാന്‍ ചിലവിടല്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സാമ്പത്തിക ഏകീകരണം തുടരുന്നതിനാല്‍ പൊതു ചിലവുകള്‍ കുറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. മെയ് വരെ ചിലവിടലില്‍ 2.9 ശതമാനം കുറവാണ് ഒമാനില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യപാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2.5 ശതമാനം ഇടിവാണ് ഒമാന്‍ രേഖപ്പെടുത്തിയത്. ഇന്ധനമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ 20.6 ശതമാനം തകര്‍ച്ചയ്ക്കാണ് ആ പാദത്തില്‍ രാജ്യം സാക്ഷ്യംവഹിച്ചത്. അതേമയം എണ്ണ ഇതര മേഖല ആ കാലയളവില്‍ 5.7 ശതമാനം വളര്‍ച്ച നേടി.   

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ ഒമാന്‍  അവതരിപ്പിച്ച ഇടക്കാലത്തേക്കുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതി നിക്ഷേപകര്‍ക്ക് ഒമാനിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും കോടിക്കണക്കിന് ഡോളറിന്റെ വായ്പ സ്വന്തമാക്കാനും കടപ്പത്രങ്ങളിലൂടെ ധനസമാഹരണം നടത്താനും ഒമാനെ സഹായിച്ചു. കഴിഞ്ഞ മാസം ഇസ്ലാമിക കടപ്പത്രമായ സുകൂകിലൂടെ 1.75 ബില്യണ്‍ ഡോളറാണ് ഒമാന്‍ സമാഹരിച്ചത്.

News Desk
Author

Related Articles