News

24 മണിക്കൂറില്‍ കൂട്ടപ്പിരിച്ചുവിടല്‍; അമേരിക്കയില്‍ നിന്നും വരുന്നത് ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത; ലോക സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരല്‍ ആശങ്കയില്‍

ലോക സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരല്‍ അത്ര എളുപ്പമല്ലെന്ന സൂചന നല്‍കി അമേരിക്കയില്‍ നിന്ന് കൂട്ട പിരിച്ചുവിടല്‍ വാര്‍ത്തകള്‍. 24 മണിക്കൂറിനിടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത് നിരവധി ബ്ലൂ ചിപ് കമ്പനികളാണ്. എനര്‍ജി രംഗം മുതല്‍ ഫിനാന്‍സ് രംഗത്തുവരെയുള്ള കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു.

അമേരിക്കയിലെ റിസോര്‍ട്ട് ബിസിനസ് രംഗത്തെ മാന്ദ്യത്തെ തുടര്‍ന്ന് വാള്‍ട്ട് ഡിസ്നി 28,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനമാണിത്. അമേരിക്കയിലെ നാലാമത്തെ വലിയ കാര്‍ ഇന്‍ഷുറര്‍ ആയ അല്‍സ്റ്റാറ്റ് കോര്‍പ്പറേഷന്‍ അവരുടെ എട്ട് ശതമാനം ജീവനക്കാരെ, അതായത് 3800 പേരെയാണ് പിരിച്ചുവിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്സ് ഏതാണ്ട് 400 ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സേവനമേഖലയിലെ കമ്പനികളാണ് ആദ്യഘട്ടത്തില്‍ ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ചിരുന്നതെങ്കിലും ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ കമ്പനികളുടെ ലാഭക്ഷമതയില്‍ കുറവ് വരുകയും മറ്റനേകം മേഖലകളിലും ജീവനക്കാരെ പിരിച്ചുവിടല്‍ വ്യാപകമാകുകയും ചെയ്തിരിക്കുന്നു.    

അമേരിക്കന്‍ കമ്പനികള്‍ മാത്രമല്ല, മറ്റ് ബഹുരാഷ്ട്ര കമ്പനികളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. റോയല്‍ ഡച്ച് ഷെല്‍ ക്രൂഡോയ്ല്‍ വിലയിലെ ഇടിവിനെ തുടര്‍ന്ന് 9000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മന്‍ ഓട്ടോ പാര്‍ട്സ് സപ്ലൈയറായ കോണ്ടിനെന്റല്‍ എജി അവരുടെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനകേന്ദ്രങ്ങളില്‍ നിന്ന് 30,000 പേരെയാണ് പിരിച്ചുവിടാന്‍ പോകുന്നത്. ഇതുള്‍പ്പടെയുള്ള കമ്പനി പുനഃക്രമീകരണ പദ്ധതിക്ക് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി കഴിഞ്ഞു.

റെസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മണിക്കൂര്‍ വേതനത്തില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നതെങ്കിലും അമേരിക്കയില്‍ ഉന്നത വേതനം കൈപ്പറ്റുന്ന ജീവനക്കാര്‍ക്ക് കൂടി തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉരുത്തിരിയുന്നതായാണ് സൂചന. ഷെല്‍ കമ്പനിയിലെ ഉന്നത മൂന്ന് തലങ്ങളിലെ ജീവനക്കാരുടെ എണ്ണം അഞ്ചില്‍ ഒന്നാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീം പാര്‍ക്ക്, ക്രൂ, റീറ്റെയ്ല്‍ ബിസിനസ് രംഗങ്ങളിലെ മാന്ദ്യമാണ് ഡിസ്നിയിലെ കൂട്ടപ്പിരിച്ചുവിടലിന് കാരണമായത്. ഹാലിബര്‍ട്ടണ്‍ കമ്പനി മാനേജ്മെന്റ് തലത്തിലെ ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിടുന്നത്. അമേരിക്കയിലെ ക്രൂഡോയ്ല്‍ സംസ്‌കരണരംഗത്തെ വമ്പന്മാരായ മാരത്തോണ്‍ പെട്രോളിയം കമ്പനി രണ്ടാംഘട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. ഈ ഘട്ടത്തില്‍ രണ്ടായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്ന് പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് 19,000 പേരെയും യൂണൈറ്റഡ് എയര്‍ലൈന്‍സ് ഹോള്‍ഡിംഗ്സ് 12,000 പേരെയുമാണ് വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

Author

Related Articles